താജുല്‍ ഉലമ അനുസ്മരണം: മലപ്പുറം ഒരുങ്ങുന്നു

Posted on: February 17, 2014 1:11 am | Last updated: February 17, 2014 at 1:11 am

ullal_thangalമലപ്പുറം: ഈ മാസം 21ന് മലപ്പുറത്ത് നടക്കുന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. ‘താജുല്‍ ഉലമ അഞ്ച് പതിറ്റാണ്ടിന്റെ അത്യുജ്ജ്വല നേതൃത്വം’ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ നടത്തുന്ന അനുസ്മരണ സമ്മേളനത്തിന് മലപ്പുറം കിഴക്കേതലയിലെ വിശാലമായ നഗരിയിലാണ് വേദി ഒരുങ്ങുന്നത്. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരും ശിഷ്യഗണങ്ങളും അനുഭവങ്ങള്‍ പങ്ക് വെക്കുന്ന സമ്മേളനത്തില്‍ കേരളത്തിനകത്തും പുറത്ത് നിന്നുള്ള സാദാത്തുക്കള്‍, പണ്ഡിതന്മാര്‍, ഉമറാക്കള്‍ പങ്കെടുക്കും. സമ്മേളനത്തിനെത്തുന്നവര്‍ക്ക് പരിപാടി വീക്ഷിക്കുന്നതിനും മഗ്‌രിബ് നിസ്‌കാരത്തിനുമുള്ള വിപുലമായ സൗകര്യം നഗരിയില്‍ ഒരുങ്ങുകയാണ്. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കമാനങ്ങളും ബോര്‍ഡുകളും ഉയര്‍ന്ന് കഴിഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തന കാലയളവിലെ അവിസ്മരണീയ സമ്മേളനമാക്കി മാറ്റാന്‍ സ്വാഗത സംഘത്തിന് കീഴില്‍ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.