കെജരിവാളിന്റെ രാജി

Posted on: February 16, 2014 6:00 am | Last updated: February 15, 2014 at 9:17 pm

രാംലീല മൈതാനിയില്‍ ജനസഹസ്രങ്ങളെ സാക്ഷിയാക്കി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ഡല്‍ഹി ഭരണം ഏറ്റെടുത്തപ്പോഴത്തെ അതേ വികാരവായ്പ് തന്നെയായിരുന്നു വെള്ളിയാഴ്ച കെജരിവാള്‍ അധികാരത്തില്‍ നിന്നും ഇറങ്ങിപ്പോന്നപ്പോഴും രാഷ്ട്ര തലസ്ഥാന നഗരി ദര്‍ശിച്ചത്. ജന്‍ ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍, അഴിമതിവിരുദ്ധ പോരാട്ടങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട ആം ആദ്മി പാര്‍ട്ടി (എ എ പി)യുടെ അനിഷേധ്യ നേതാവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.- അധികാരം വിട്ട് ജനങ്ങള്‍ക്കിടയിലേക്ക്. അഞ്ചും പത്തും വര്‍ഷം അധികാരത്തിലിരുന്നപ്പോഴും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളവും വെളിച്ചവും എത്തിക്കാന്‍ പോലും ശ്രമിക്കാതിരുന്ന മുഖ്യധാരാ കക്ഷികള്‍ക്ക് എ എ പി ഒരു മാതൃകയാണ്. ഭരണാനുഭവം കുറവായതിനാല്‍ എ എ പി സര്‍ക്കാറിന്റെ ചില നടപടികള്‍ വിവാദങ്ങളുയര്‍ത്തിയെങ്കിലും വെള്ളവും വെളിച്ചവുമെന്ന വാഗ്ദാനങ്ങള്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയ ജനകീയ ഭരണാധികാരിയായിരുന്നു കെജരിവാള്‍ എന്ന് പറയാതിരുന്നുകൂടാ.

കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ മുഖ്യമന്ത്രി കെജരിവാള്‍ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ അത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പ്രകൃതി വാതക വില നിര്‍ണയത്തില്‍ നടന്ന ഒത്തുകളിയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, മുന്‍ മന്ത്രി മുരളി ദേവ്‌റ, റിലയന്‍സ് ഉടമ മുകേഷ് അംബാനി എന്നിവര്‍ക്കെതിരെ കേസെടുത്തത് കൂടി ആയപ്പോള്‍ കോണ്‍ഗ്രസ് മാത്രമല്ല, പ്രതിപക്ഷമായ ബി ജെ പിയും നടുങ്ങി. പ്രബലരായ പലരാഷ്ട്രീയ പാര്‍ട്ടികളുടെയും സാമ്പത്തിക സ്രോതസ്സുകള്‍ക്കെതിരെ നീക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുഭവപ്പെടാറുള്ള അസ്വസ്ഥതയാണിത്. 49 ദിവസങ്ങള്‍ മാത്രം അധികാരത്തിലിരുന്ന എ എ പി സര്‍ക്കാറിനെ അധികാരം വിട്ടൊഴിയാന്‍ നിര്‍ബന്ധിതമാക്കിയ പ്രധാന ഘടകവും അംബാനിക്കെതിരായ കേസാണെന്ന് വിലയിരുത്തിയാല്‍ അത് നിഷേധിക്കാന്‍ ആര്‍ക്കുമാകില്ല. ഏപ്രില്‍ മുതല്‍ പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സ്വകാര്യ മേഖലാ എണ്ണക്കമ്പനിയായ റിലയന്‍സിന് കോടികളുടെ നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നാണ് സൂചന. സ്വകാര്യ മേഖലക്ക് ഒത്താശ ചെയ്യുമ്പോള്‍ തന്നെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കാനും അവസരമൊരുക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തില്‍ വേണം മന്ത്രി വീരപ്പമൊയ്‌ലിക്കും റിലയന്‍സ് ഉടമ മുകേഷ് അംബാനിക്കുമെതിരെ കേസെടുക്കാനുള്ള കെജരിവാളിന്റെ ഉത്തരവെന്ന് വിലയിരുത്തണം. കെജരിവാളിനെതിരെ കോണ്‍ഗ്രസിനേയും ബി ജെ പിയേയും ഒരൊറ്റ ചരടില്‍ കോര്‍ത്തതും അത് തന്നെയാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും അഴിമതിക്കെതിരെ അടിയുറച്ചുനിന്ന് പോരാടുകയും ചെയ്യുന്നവര്‍ക്കൊപ്പം ജനം ഒറ്റക്കെട്ടായി അണിനിരക്കുമെന്നതിന്റെ ഒന്നാംതരം തെളിവാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പി നേടിയ വിജയം. ശൈശവ ദശ പോലും വിട്ടിട്ടില്ലാത്ത, ഭരണ പരിചയക്കുറവുള്ള എ എ പിയെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ വഴിയൊരുക്കിയത് അവര്‍ മുന്‍ വെച്ച മുദ്രാവാക്യങ്ങളാണ്. 70 അംഗ ഡല്‍ഹി നിയമസഭയില്‍ ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ കെജരിവാള്‍ മന്ത്രിസഭ രൂപവത്കരിച്ചത്. പ്രസ്തുത മന്ത്രിസഭയാണ് ജന്‍ ലോക്പാല്‍ ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇപ്പോള്‍ രാജിവെച്ചൊഴിഞ്ഞത്. നിയമസഭയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എ എ പി ആവശ്യപ്പെട്ടിട്ടുണ്ട്.
സഭയില്‍ അവതരിപ്പിക്കാന്‍ പോലും കഴിയാതെ കൈവിട്ടുപോയ ജന്‍ ലോക്പാല്‍ ബില്‍ വജ്രായുധമായിത്തന്നെ എ എ പി കരുതുന്നു. ഇപ്പോള്‍ ഷീല ദീക്ഷിത്, വീരപ്പമൊയ്‌ലി, മുരളി ദേവ്‌റ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തതെങ്കില്‍, ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതോടെ ശരദ് പവാര്‍, കമല്‍നാഥ് തുടങ്ങിയവര്‍ക്കെതിരെയും നടപടി വരുമെന്ന് സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ഡല്‍ഹി ജന്‍ ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കരുതെന്ന വ്യവസ്ഥ നിലവിലുണ്ട്. പാര്‍ലിമെന്ററി ജനാധിപത്യ വ്യവസ്ഥ അംഗീകരിച്ച രാജ്യമെന്ന നിലയില്‍, നിയമ നിര്‍മാണത്തിന് വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ പാലിക്കാനും മാനിക്കാനും അധികാരത്തിലിരിക്കുന്നവര്‍ തയ്യാറാകണം. ഈ പ്രശ്‌നത്തില്‍ എ എ പിയും ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ അവലംബിക്കണം. ജനശക്തി, ജനാധിപത്യത്തിന് കരുത്ത് പകരാനാകണം. അല്ലാതുള്ള നീക്കങ്ങള്‍ അരാജകത്വത്തിനേ വഴിവെക്കൂ. ഡല്‍ഹിയില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് രാജി തീരുമാനമെടുത്ത മന്ത്രിസഭാ യോഗം നിര്‍ദേശിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറുമാണ്. ഏതായാലും ഡല്‍ഹിക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അനിവാര്യമാണ്.