അനഘയുടെ മരണം: സമുദായ സൗഹാര്‍ദം തകര്‍ക്കരുത് സി പി എം

Posted on: February 15, 2014 10:29 pm | Last updated: February 15, 2014 at 10:29 pm

പുല്‍പ്പള്ളി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകളുമായ അനഘദാസിനെ ഗുണ്ടല്‍പേട്ടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഎം പുല്‍പ്പള്ളി ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
ഇപ്പോള്‍ പിടിയിലായ യുവാവിനെകൂടാതെ സംഭവത്തില്‍ വേറാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. സംഭവത്തെ വര്‍ഗീയമാക്കി തിരിച്ചുവിടാനുള്ള ചിലരുടെ നീക്കത്തെയും പ്രതിരോധിക്കണം.
പുല്‍പ്പള്ളി മേഖലയില്‍ അതിര്‍ത്തി കടന്നെത്തുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ലഭ്യമാണ്. ക്യാമ്പസുകളില്‍പോലും ഇവ കിട്ടുന്നുണ്ട് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തടയാന്‍ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല.
ഇത്തരം സാഹചര്യത്തിലാണ് അനഘയുടെ മരണത്തേയും കാണേണ്ടത്. പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ സംബന്ധിച്ച് ശരിയായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണം. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും കണ്ടെത്താന്‍ പൊലീസ് തയ്യാറാകണം.
അതേസമയം ദാരുണമായ മരണത്തിനെ വര്‍ഗീയമായി ഉപയോഗിക്കാനുള്ള ചിലരുടെ നീക്കം അപലപനീയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്.
അതിനുപകരം മതപരമായ വേര്‍തിരിവ് സമൂഹത്തിന് ആപത്താണ്. സമുദായ സ്പര്‍ധ വളര്‍ത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും സിപി എം ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു.
മയക്കുമരുന്നിനും അരാജക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രചാരണം നടത്താനും ഏരിയാകമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ ടി ബി സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരന്‍, പി എസ് ജനാര്‍ദനന്‍, കെ എന്‍ സുബ്രഹ്മണ്യന്‍, എം എസ് സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.