വിജയ് മല്യക്കായ് കളിക്കരുതെന്ന് യുവരാജിനോട് കിംഗ് ഫിഷര്‍ ജീവനക്കാര്‍

Posted on: February 15, 2014 6:00 pm | Last updated: February 15, 2014 at 6:00 pm

yuvarajബാംഗ്ലൂര്‍: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ കളിക്കരുതെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഓള്‍ റൌണ്ടര്‍ യുവരാജ് സിങിന് കിങ്ഫിഷര്‍ ജീവനക്കാരുടെ തുറന്ന കത്ത്. 14 കോടി രൂപക്കാണ് യുവിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. താങ്കളെ സ്വന്തമാക്കാന്‍ വിജയ് മല്യ 14 കോടി മുടക്കിയപ്പോള്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാരായ തങ്ങള്‍ക്ക് കഴിഞ്ഞ 18 മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് കത്തില്‍ പറയുന്നു.

‘ പ്രിയ യുവരാജ്, ഞങ്ങള്‍ താങ്കളുടെ കടുത്ത ആരാധകരാണ്. അര്‍ബുദ രോഗബാധിതനായ താങ്കള്‍ കളിക്കളത്തിലേക്ക് പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തണമെന്ന് ഇന്ത്യക്കൊപ്പം മനസുരുകി പ്രാര്‍ഥിച്ചവരാണ് ഞങ്ങള്‍. മികച്ച ഫോമിലേക്ക് തിരിച്ചെത്തി കരിയറിലെ പുതിയ ദൂരങ്ങളിലേക്ക് താങ്കള്‍ അതിവേഗം നടന്നടുക്കുന്നതില്‍ സന്തോഷമുണ്ട്. ഐ പി എല്ലില്‍ 14 കോടി മുടക്കി താങ്കളെ വിജയ് മല്യ സ്വന്തമാക്കിയപ്പോള്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് 18 മാസമായി ഞങ്ങള്‍ക്ക് ശമ്പളം തന്നിട്ട്. ഇത് ഞങ്ങള്‍ക്ക് സമ്മാനിച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ചെറിയ ശമ്പളം കൈപ്പറ്റിയിരുന്ന തൊഴിലാളികള്‍ പലരും തെരുവില്‍ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഞങ്ങള്‍ക്ക് ശമ്പളം തരാന്‍ പണമില്ലെന്നാണ് മല്യ പറയുന്നത്. എന്നാല്‍ ഐ പി എല്ലിനും ഫോര്‍മുല വണിനും ഐ പി എല്‍ കലണ്ടറുകള്‍ക്കുമായി കോടികളാണ് അദ്ദേഹം ചെലവിടുന്നത്. ക്രൂരനും മനുഷ്യത്വമില്ലാത്ത വ്യക്തിയുമായ ഇദ്ദേഹത്തിനായി കളത്തിലിറങ്ങണോ അതോ ധാര്‍മിക മൂല്യങ്ങളുടെ പേരില്‍ പിന്‍മാറണോയെന്ന് തീരുമാനം ഞങ്ങള്‍ താങ്കള്‍ക്ക് വിടുന്നു’ കത്ത് പറയുന്നു.