Connect with us

Thrissur

റോഡ് നിര്‍മാണം പാതിവഴിയില്‍; സഹായവുമായി എത്തിയ പ്രവാസി മാതൃകയായി

Published

|

Last Updated

അന്തിക്കാട്: തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കുന്നതിന് നാട്ടുകാരനായ പ്രവാസി മൂന്ന് ലക്ഷം രൂപ നല്‍കിയത് മാതൃകയായി. അന്തിക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് വള്ളൂര്‍ കടവ് റോഡ് നിര്‍മാണത്തിനാണ് പ്രവാസിയും നാട്ടുകാരനുമായ മേനോത്ത് പറമ്പില്‍ സുനിലന്‍ പണം നല്‍കിയത്.
ഫണ്ടില്ലാത്തതിനാല്‍ റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരുന്നു. ഈ റോഡിലൂടെയുള്ള യാത്ര ദുരിതമായതോടെ നാട്ടുകാര്‍ ഒന്നരലക്ഷം രൂപ പിരിച്ചെടുത്ത് റോഡിലെ കുഴികളടച്ച് മെറ്റലിംഗ് നടത്തിയിരുന്നു. തുടര്‍ ജോലികള്‍ക്ക് ഫണ്ടില്ലാത്തതിനാല്‍ നിര്‍മാണം നിലച്ചിരിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ സുനിലന്‍ സഹായവുമായി രംഗത്തുവരികയായിരുന്നു. തുക അന്തിക്കാട് പഞ്ചായത്തില്‍ റോഡ് നിര്‍മാണ കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് മണിശശി, ക്ഷേമകാര്യ ചെയര്‍മാന്‍ ടി ഐ ചാക്കോ, സി പി എം അന്തിക്കാട് ലോക്കല്‍ സെക്രട്ടറി എ വി ശ്രീവല്‍സന്‍, കെ ആര്‍ സുരേന്ദ്രന്‍, കെ ആര്‍ രാജമണി, വി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷവും, ഗ്രാമപഞ്ചായത്തിന്റെ അഞ്ച് ലക്ഷവും നല്‍കുമെന്ന് പ്രസിഡന്റ് മണിശശി പറഞ്ഞു. നാടിന്റെ പുരോഗതിക്ക് വലിയ മുതല്‍ക്കൂട്ടാണ് ഇത്തരം പ്രവാസികളുടെ സഹായങ്ങളെന്ന് സി പി എം ലോക്കല്‍ സെക്രട്ടറി എ വി ശ്രീവല്‍സന്‍ പറഞ്ഞു.