മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം: യുവതിയുടെ കാമുകന്‍ അറസ്റ്റില്‍

Posted on: February 15, 2014 10:53 am | Last updated: February 15, 2014 at 10:53 am

Prathi, Shafishafi Nilambru copyകല്‍പകഞ്ചേരി: മദ്രസയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് കൊണ്ടുപോയി മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന്റെ കാമുകന്‍ അറസ്റ്റില്‍.
ബാവപ്പടി സ്വദേശി കക്കാട്ട് ഷാഫി (24)യെയാണ് വളാഞ്ചേരി സി ഐ. പി അബ്ദുല്‍ ബഷീര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 18ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ചേരുലാല്‍ പന്തല്‍ വളപ്പില്‍ ആയിശ(28) യാണ് മക്കളായ മുഹമ്മദ് ഷിബില്‍(എട്ട്), ഫാത്വിമ റഫീദ(ആറ്) എന്നിവരെ കിണറ്റിലെറിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തി കുളിമുറിയില്‍ കയറിയിരുന്ന് കൈയ്യിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. പിന്നീട് യുവതിയെ കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു ഇവര്‍. ഒരുമിച്ച് ജീവിക്കാം എന്ന ഉദ്ദേശത്തോടെ കുട്ടികളെ കൊലപ്പെടുത്താന്‍ ആയിശയെ പ്രേരിപ്പിച്ചെന്ന കുറ്റമാണ് ഷാഫിക്കെതിരെയുള്ളതെന്നും പോലീസ് അറിയിച്ചു.