തായ്‌ലാന്‍ഡില്‍ പ്രക്ഷോഭക ക്യാമ്പുകള്‍ പോലീസ് ഒഴിപ്പിച്ചു

Posted on: February 15, 2014 6:07 am | Last updated: February 15, 2014 at 9:07 am

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരുടെ നിരവധി ക്യാമ്പുകള്‍ പോലീസ് ഒഴിപ്പിച്ചു. ഇക്കഴിഞ്ഞ നവംബറിലാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമായത്. തലസ്ഥാനത്തെ റോയല്‍ ക്വാട്ടേഴ്‌സ് റോഡിലുള്ള ക്യാമ്പ് ഒഴിപ്പിക്കാനുള്ള ശ്രമം പ്രക്ഷോഭകര്‍ എതിര്‍പ്പിനിടയാക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെനിന്നും പിന്‍വാങ്ങിയ പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കോംപ്ലക്‌സിനു സമീപം പുതിയ ക്യാമ്പ് തീര്‍ത്തു. സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാന ജംഗ്ഷനുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലും പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇനിയും നിരവധി ക്യാമ്പുകള്‍ ഒഴിപ്പിക്കുമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ പരാദോണ്‍ പട്ടാനട്ടബട്ട് പറഞ്ഞു. തങ്ങള്‍ക്ക കഴിയുന്ന മുഴുവന്‍ ക്യാമ്പുകളും ഒഴിപ്പിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുമെന്നും ഇത് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനല്ലെന്നും നിയമം നടപ്പിലാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലേയും ഗതാഗത തടസം ഉണ്ടാകുവിധം ജംഗ്ഷനുകളിലുള്ള ക്യാമ്പുകളാണ് പോലീസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടപകള്‍. നവംബറില്‍ തുടങ്ങിയ പ്രതിഷേധത്തിനിടെ ഇതുവരെ പത്ത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പുറത്താക്കപ്പെട്ട നേതാവും സഹോദരനുമായ ് തക്‌സിന്‍ ഷിനവത്രയ#ുടെ നിയന്ത്രണത്തിലുള്ള യംഗ്‌ലക് ഷിനവത്രയുടെ സര്‍ക്കാര്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ മാസം രണ്ടിന് നടന്ന തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.