കരുതലോടെ രാഷ്ട്രീയ കരുനീക്കങ്ങള്‍; ഒടുവില്‍ പടിയിറക്കം

Posted on: February 15, 2014 12:34 am | Last updated: February 15, 2014 at 2:02 pm

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ അജന്‍ഡയായ ജന ലോക്പാല്‍ ബില്‍ അവതരണം നിയമസയഭയില്‍ തടസ്സപ്പെട്ടതോടെ സംഭവ ബഹുലമായ പകലിനും അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട രാത്രിക്കുമാണ് ഡല്‍ഹി ഇന്നലെ സാക്ഷിയായത്. വൈകിട്ട് 3.50 ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ സഭയുടെ മേശപ്പുറത്ത് ജന ലോക്പാല്‍ ബില്‍ വെച്ചതുമുതല്‍ കെജ്‌രിവാളിന്റെ ഓരോ നീക്കവും ആവേശഭരിതവും രാഷ്ട്രീയ കണക്കുകൂട്ടലുകളോടെയുമായിരുന്നു.
ജനലോക്പാല്‍ ബില്‍ അവതരണത്തെ ബി ജെ പിയും കോണ്‍ഗ്രസും ഒന്നിച്ച് എതിര്‍ക്കുന്ന കാഴ്ചയാണ് സഭയില്‍ കണ്ടത്. സഭ സമ്മേളിച്ചപ്പോള്‍ തന്നെ നേരത്തെ തീരുമാനിച്ചപോലെ പ്രതിപക്ഷകക്ഷികള്‍ സഭയില്‍ ഉന്നയിച്ചത് ഒരേ കാര്യങ്ങള്‍. ആം ആദ്മിയില്‍ നിന്ന് പുറത്ത് പോയ അംഗങ്ങളും എതിര്‍ ചേരിയില്‍ ചേര്‍ന്നതോടെ മുഖ്യമന്ത്രി കെജ്‌രിവാള്‍ സഭയില്‍ വികാരധീനനായി.
അഴിമതി ചെറുക്കാന്‍ വേണ്ടി മുഖ്യമന്ത്രിപദം ആവശ്യമില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം ജനങ്ങള്‍ക്കിടയിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് അവസാനത്തെ നിയമസഭാ സമ്മേളനമായിരിക്കുമെന്ന് കൂടി വ്യക്തമാക്കിയതോടെ കെജ്‌രിവാള്‍ രാജിയിലേക്ക് എന്ന വാര്‍ത്ത തലസ്ഥാനത്ത് പരന്നു. സഭ പ്രക്ഷുബ്ധമായതോടെ 4.20 ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിംഗാണ് സഭയില്‍ കെജ്‌രിവാളിനെതിരെ രംഗത്ത് വന്നത്. സ്പീക്കര്‍ സഭാചട്ടങ്ങള്‍ പ്രകാരം കെജ്‌രിവാളിനെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 4.55 ന് ബി ജെ പി നേതാവ് ഹാര്‍ഷ് വര്‍ധനും കെജ്‌രിവാളിന്റെ നീക്കത്തെ എതിര്‍ത്ത് രംഗത്ത് വന്നു. അഞ്ചിന് വോട്ടെടുപ്പ് നടന്നു.
27 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 അംഗങ്ങള്‍ ജനലോക്പാല്‍ ബില്ലിനെ എതിര്‍ത്തുവെന്ന് സ്പീക്കര്‍ അറിയിച്ചു. ആറ് മണിയോടെയാണ് വോട്ടെടുപ്പ് ഫലം വന്നത്. ബി ജെ പിയും കോണ്‍ഗ്രസും ജനലോക്പാല്‍ ബില്ലിനെ എതിര്‍ത്തതോടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ആം ആദ്മി പിന്നീട് ചരടുവലിച്ചത്.
6.15 ഓടെ ആം ആദ്മി പാര്‍ട്ടി തുടര്‍നീക്കങ്ങള്‍ തുടങ്ങി. പാര്‍ട്ടി ആസ്ഥാനത്ത് ഉന്നതതല അടിയന്തര യോഗം വിളിക്കാന്‍ തീരുമാനിച്ചു. 6.30 ഓടെ കെജ്‌രിവാള്‍ നിയമസഭയെ അഭിസംബോധന ചെയ്തു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു, 7.20 ന് പാര്‍ട്ടി യോഗം തുടങ്ങുകയും 7.50ന് രാജിവെക്കാന്‍ കെജ്‌രിവാള്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് 8.30 ന് പാര്‍ട്ടി ആസ്ഥാനത്ത് കെജ്‌രിവാള്‍ രാജിവെക്കുകയാണെന്ന് പ്രവര്‍ത്തകരോട് പറഞ്ഞു.
മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് രാജിയെന്നും ബില്‍ പാസാക്കാനായില്ലെങ്കില്‍ ഭരണത്തില്‍ തുടരില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതായും കെജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിനെയും ബി ജെ പിയെയും നിശിതമായി വിമര്‍ശിച്ചാണ് കെജ്‌രിവാള്‍ പ്രസംഗം തുടങ്ങിയത്. റിലയന്‍സിനെ തൊട്ടതാണ് ഇരു പാര്‍ട്ടികളെയും ചൊടിപ്പിച്ചതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഇതോടെ കോര്‍പ്പറേറ്റുകളാണ് ഇരു പാര്‍ട്ടികളെയും നിയന്ത്രിക്കുന്നതെന്ന സൂചന നല്‍കി വ്യക്തമായ രാഷ്ട്രീയ തന്ത്രം കൂടിയാണ് കെജ്‌രിവാള്‍ തന്റെ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചത്. ജനലോക്പാല്‍ ബില്ലിനെ ഇരുപാര്‍ട്ടികളും എതിര്‍ത്തതും ആംആദ്മി നേട്ടമാക്കി ചൂണ്ടിക്കാട്ടുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആംആദ്മി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് കെജ്‌രിവാള്‍ രാജിക്കത്ത് നല്‍കിയത്.