വെനിസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി

Posted on: February 14, 2014 8:02 am | Last updated: February 14, 2014 at 8:02 am

Demonstrators march to the Generalകരാക്കസ്: വെനിസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചു. മൂന്ന് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജനരോഷം ഇരമ്പിയത്. തലസ്ഥാനമായ കാരക്കസിലാണ് പോലീസിന് നേരെ വ്യാപക ആക്രമണങ്ങളുണ്ടായത്. പതിനായിരത്തോളം പേരാണ് പ്രകടനമായി തെരുവിലിറങ്ങിയത്.
പ്രകടനം സമാധാനപരമായിരുന്നെങ്കിലും പ്രകടനം കഴിഞ്ഞ് മടങ്ങിയവര്‍ പലയിടത്തും ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ജനക്കൂട്ടത്തിന് നേരെ ബൈക്കിലെത്തിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സംഭവത്തില്‍ രണ്ട് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടു.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റൊരു പ്രക്ഷോഭകാരിയും കൊല്ലപ്പെട്ടു. പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ നയങ്ങള്‍ക്കെതിരെയാണ് വ്യാപക പ്രതിഷേധങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്.
പ്രക്ഷോഭകരില്‍ കൂടുതല്‍ പേരും വിദ്യാര്‍ഥികളായിരുന്നു. ഫെഡറല്‍ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. കഴിഞ്ഞ തവണ നടന്ന മാര്‍ച്ചിന് നേതൃത്വം നല്‍കിയ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. ഇതിനിടെ സര്‍ക്കാര്‍ അനുകൂലികളും സംഘടിച്ചെത്തിയതോടെ പ്രശ്‌നം രൂക്ഷമായി.