സൈലന്റ്‌വാലി മേഖലയില്‍142 ഇനം പക്ഷികളെ കണ്ടെത്തി

Posted on: February 14, 2014 12:42 am | Last updated: February 14, 2014 at 12:42 am

Nilgiri Wood Pigeonമലപ്പുറം: സംസ്ഥാന വനം വകുപ്പും വന്യജീവി വിഭാഗവും സംയുക്തമായി സൈലന്റ്‌വാലിയില്‍ നടത്തിയ പക്ഷി സര്‍വേയില്‍ 142 ഇനം പക്ഷികളെ കണ്ടെത്തി. മുമ്പ് സൈലന്റ്‌വാലിയില്‍ ഉള്ളതും 2006ല്‍ നടന്ന സര്‍വേയില്‍ കണ്ടെത്താത്തതുമായ ഒമ്പത് ഇനം പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകുയില്‍, പ്രാക്കാട, പസഫിക് ശലഭപക്ഷി, ചെറിയ മീന്‍ പരുന്ത്, വയല്‍ക്കോതി വുഡ്‌ക്കോക്ക് എന്നിവയാണ് ഈ വര്‍ഷം പുതുതായി കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 പക്ഷി നിരീക്ഷകര്‍ നാല് സംഘങ്ങളായാണ് കാട്ടിനുള്ളില്‍ താമസിച്ച് മൂന്ന് ദിവസങ്ങളിലായി സര്‍വേ പൂര്‍ത്തിയാക്കിയത്.

സൈലന്റ്‌വാലി മേഖലയിലെ ശൈലന്ദ്രി, നീലിക്കല്‍, മൂച്ചിപ്പാറ പുന്നമല എന്നിവിടങ്ങളിലാണ് സംഘം പ്രധാനമായും സര്‍വേ നടത്തിയത്. ഇന്ത്യയിലെ പ്രമുഖ ജൈവ വൈവിധ്യ മേഖലയായ സൈലന്റ്‌വാലിയില്‍ വംശനാശ‘ഭീഷണി നേരിടുന്ന നീലഗിരി വുഡ് പീജിയന്‍, മലബാര്‍ പാരക്കീറ്റ്, മലബാര്‍ ഗ്രേ ഹോണ്‍ബില്‍, ഗ്രേ ഹെഡഡ് ബുള്‍ബുള്‍, റൂഫസ് ബാബഌ, നീലഗിരി ലോഫിംഗ് ത്രഷ് തുടങ്ങിയ ഇനങ്ങളെയും ഇത്തവണ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ മാത്രമായി കാണപ്പെടുന്ന 15 ഇനങ്ങളില്‍ 14 ഉും സര്‍വേയില്‍ കണ്ടെത്തി. എട്ട് വര്‍ഷം മുമ്പാണ് സൈലന്റ്‌വാലിയില്‍ പക്ഷി സര്‍വേ നടത്തിയത്. കാലാവസ്ഥാ വ്യതിയാനവും ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളും കാരണം ചില പക്ഷികളുടെ എണ്ണത്തില്‍ കുറവ് വന്നതായി സര്‍വേ സംഘാംഗവും പ്രമുഖ പക്ഷിശാസ്ത്രജ്ഞനും കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സുബൈര്‍ മേടമ്മല്‍ സിറാജിനോട് പറഞ്ഞു.