നിലമ്പൂര്‍ കൊലപാതകം; ഹര്‍ത്താല്‍ പൂര്‍ണം

Posted on: February 13, 2014 12:04 pm | Last updated: February 13, 2014 at 12:04 pm

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.
കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. ഇരുചക്രവാഹനമുള്‍പ്പെടെ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നുവെങ്കിലും പലയിടത്തും തടഞ്ഞു. വാഹനങ്ങള്‍ തടഞ്ഞത് ചിലയിടങ്ങളില്‍ വാക്കേറ്റത്തിനിടയാക്കി.
വിവാദമായ നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിന് താഴെ ഹര്‍ത്താല്‍ അനുകൂലികള്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ചത് പോലീസുമായി നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി കേസനേ്വഷണം വഴിതെറ്റിക്കുന്നുവെന്നാരോപിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ നിലമ്പൂര്‍ ടൗണില്‍ മനോരമ പത്രം കത്തിച്ചു. വഴിക്കടവ്, എടക്കര, ചുങ്കത്തറ, നിലമ്പൂര്‍ ടൗണുകളില്‍ പ്രവര്‍ത്തകര്‍ രാവിലെ വാഹനങ്ങള്‍ തടഞ്ഞിട്ടു. വിവിധ ടൗണുകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.