കേരളത്തിന് കുമ്പിളില്‍ തന്നെ

Posted on: February 13, 2014 6:00 am | Last updated: February 12, 2014 at 11:21 pm

SIRAJ.......റെയില്‍വെ ഇത്തവണയും കേരളത്തെ നിരാശപ്പെടുത്തി. സംസ്ഥാനത്തിന്റെ മുഖ്യപ്രതീക്ഷയായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ചു ഇന്നലെ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ പരാമര്‍ശമേയില്ല. തിരുവനന്തപുരം-ബംഗളൂരു പ്രീമിയം എക്‌സ്പ്രസ്സുള്‍പ്പെടെ മൂന്ന് പുതിയ തീവണ്ടികള്‍ പ്രഖ്യാപിച്ചതൊഴിച്ചാല്‍ ,ചേര്‍ത്തല വാഗണ്‍ ഫാക്ടറി, പുതിയ റെയില്‍വേ സോണ്‍, തിരുവനന്തപുരം റെയില്‍വേ മെഡിക്കല്‍ കോളജ്, പാതയിരട്ടിപ്പിക്കലിനും ഗേജ് മാറ്റത്തിനും, പാലക്കാട് പൊള്ളാച്ചി, പുനലൂര്‍ ചെങ്കോട്ട പാതകളുടെ ഗേജ്മാറ്റത്തിനും തുക, അങ്കമാലി- ശബരി, കണ്ണൂര്‍ – കണ്ണൂര്‍ വിമാനത്താവളം, നിലമ്പൂര്‍- നഞ്ചങ്കോട്, കൊച്ചി- മധുര പാതകളുടെ നിര്‍മാണം തുടങ്ങി കേരളം സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങളെല്ലാം നിരസിക്കപ്പെട്ടു.
പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ചു സേലം ഡിവിഷന്‍ രൂപവത്കരിച്ചതിന് പകരമായി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ വാഗ്ദാനമാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. 2008-09 ലെ ഇടക്കാല ബജറ്റില്‍ ലാലുപ്രസാദ് യാദവാണ് റായ്ബറേലി കോച്ച് ഫാക്ടറിക്കൊപ്പം കഞ്ചിക്കോട് ഫാക്ടറി പ്രഖ്യാപിച്ചത്. പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്നതും, 128 അനുബന്ധ വ്യവസായ യൂനിറ്റുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയടങ്ങുന്ന ടൗണ്‍ഷിപ്പ് ഉള്‍പ്പെടുന്നതുമായ 5000 കോടി രൂപ മുതല്‍മുടക്കിലുള്ള ബൃഹത്തായ പദ്ധതിയായിരുന്നു അന്നത്തെ വാഗ്ദാനമെങ്കിലും പിന്നീടത് 600 കോടി ചെലവ് വരുന്ന ചെറുകിട പദ്ധതിയായി ചുരുക്കി. കേരളത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നു 2002 ഫെബ്രുവരിയില്‍ ഫാക്ടറിക്ക് തറക്കല്ലിടുകയും ചെയ്തു.
പദ്ധതി അട്ടിമറിക്കപ്പെടുന്ന നീക്കങ്ങളാണ് പിന്നീട് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. പദ്ധതി പൊതുമേഖലയില്‍ തുടങ്ങാന്‍ ആസൂത്രണ കമ്മീഷന്‍ വിസമ്മതിക്കുന്നുവെന്ന കാരണം പറഞ്ഞു സ്വകാര്യ പങ്കാളിത്വത്തിലേക്ക് മാറ്റി. ഫാക്ടറി നിര്‍മാണം പൂര്‍ണമായും ഏറ്റെടുക്കാന്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍) സന്നദ്ധമായെങ്കിലും, 26 ശതമാനം റെയില്‍വേക്കും 74 ശതമാനം സ്വകാര്യ മേഖലക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. കോച്ച് ഫാക്ടറിക്കായി കേരളം 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു സൗജന്യമായി നല്‍കിയപ്പോള്‍ സ്ഥലവിലക്ക് ആനുപാതികമായ ഓഹരി സംസ്ഥാന സര്‍ക്കാരിന് വേണമെന്നാവശ്യപ്പെട്ടിരുന്നു. അതും നിരസിക്കപ്പെട്ടു. ഓരോരോ കാരണങ്ങള്‍ നിരത്തി കഞ്ചിക്കോട് പദ്ധതിയുടെ നിര്‍മാണം അനന്തമായി നീട്ടുമ്പോള്‍, സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ച് ഫാക്ടറി നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്. അവിടെ ഒരു വര്‍ഷം മുമ്പേ കോച്ചുകള്‍ നിര്‍മിച്ചു റെയില്‍വേക്ക് കൈമാറിത്തുടങ്ങി.
കേരളത്തിന്റെ റെയില്‍വേ വികസനം ത്വരിതപ്പെടുത്താന്‍ പ്രത്യേക സോണ്‍ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുട പഴക്കമുണ്ട്. തിരുവനന്തപുരം, പാലക്കാട്, കൊങ്കണിന്റെഭാഗങ്ങള്‍ ചേര്‍ത്തുള്ള സോണാണ് സംസ്ഥനം ആവശ്യപ്പെടുന്നത്. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തൊരിടത്തും പുതിയ സോണുകളും ഡിവിഷനുകളും രൂപവത്കരിക്കേണ്ടെന്നാണ് റയില്‍വേ മന്ത്രാലയത്തിന്റെ ഉന്നത തല സമിതി ശിപാര്‍ശയെങ്കിലും റെയില്‍വെ സൗകര്യങ്ങളില്‍ കേരളത്തിന്റെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാന്‍ സോണ്‍ അനിവാര്യമാണെന്ന് കേരളം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ കനിഞ്ഞില്ല.
ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ 72 തീവണ്ടികളില്‍ മുന്നെണ്ണം കേരളത്തിനാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം-ഡല്‍ഹി സര്‍വീസ് ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ഫലത്തില്‍ ലഭ്യമാകുന്നത് രണ്ടെണ്ണം മാത്രം. മറ്റൊരു വാഗ്ദാനമായ തിരുവനന്തപുരം-ബംഗളൂരു യശ്വന്തപൂര്‍ എക്‌സപ്രസ്സ് പ്രീമിയം സര്‍വീസുമാണ്. വിമാനങ്ങളിലെപ്പോലെ തിരക്കനുസരിച്ച് യാത്രക്കൂലി നിശ്ചയിക്കുന്ന പ്രീമിയം തീവണ്ടികളികള്‍ സാധാരണക്കാര്‍ക്ക് ഗുണപ്രദമാകില്ല. കൂടുതല്‍ തിരക്കനുഭവപ്പെടുന്ന റൂട്ടുകളിലെ യാത്രാക്ലേശം പരിഹരിക്കാനെന്ന പേരില്‍ നടപ്പാക്കുന്ന ഈ വണ്ടികളില്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും ടിക്കറ്റ് ബുക്കിംഗ്. കൂടുതല്‍ പണം നല്‍കുന്നതനുസരിച്ചേ കണ്‍ഫേം ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഒരിക്കല്‍ എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുമാകില്ല. ആവശ്യക്കാരുടെ വര്‍ദ്ധനവനുസരിച്ചു നിരക്ക് ഇരട്ടി വരെയാകും. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനായി യാത്രക്കാരെ തന്ത്രപൂര്‍വം പിഴിയുന്ന പദ്ധതിയാണിത്.

ALSO READ  വിവാദങ്ങള്‍ക്കിടെ വിസ്മരിക്കപ്പെടുന്ന സാമ്പത്തിക തകര്‍ച്ച