Connect with us

Eranakulam

വ്യവസായ വകുപ്പ് മുന്‍ സെക്രട്ടറി വഴിവിട്ട് പ്രവര്‍ത്തിച്ചു: വിജിലന്‍സ്‌

Published

|

Last Updated

കൊച്ചി: ആറന്മുള വിമാനത്താവളം നിര്‍മാണത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ വ്യവസായ വകുപ്പ് മുന്‍ സെക്രട്ടറിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടി ബാലകൃഷ്ണന്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതായി ഹൈക്കോടതിയില്‍ വിജിലന്‍സിന്റെ സത്യവാങ്മൂലം.
കെ ജി എസ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി ടി നന്ദകുമാറുമായി ഗൂഢാലോചന നടത്തുകയും ഔദ്യോഗിക പദവി ഇതിനായി ദുരുപയോഗം ചെയ്യുകയുമാണ് ടി ബാലകൃഷ്ണന്‍ ചെയ്തതെന്ന് പത്തനംതിട്ട വിജിലന്‍സ് ഡി വൈ എസ് പി. പി കെ ജഗദീഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തല്‍ പറയുന്നു.
വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെക്കുകയും കെ ജി എസ് കമ്പനിയുടെ തോട് കൈയേറ്റവും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനവും മന്ത്രിസഭക്ക് സമര്‍പ്പിച്ച കുറിപ്പില്‍ നിന്ന് മൂടിവെച്ചതായും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭക്ക് സമര്‍പ്പിച്ച നോട്ടില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കില്ലായിരുന്നുവെന്നും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.
വിമാനത്താവള നിര്‍മാണത്തിനായി 350 ഏക്കര്‍ ഭൂമി സ്ഥല ഉടമകളുമായി ആലോചിച്ച് ഏറ്റെടുത്തെന്നും പദ്ധതിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി കെ ജി എസ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നന്ദകുമാര്‍ ഗതാഗത മന്ത്രിക്ക് ആദ്യം കത്ത് നല്‍കുകയായിരുന്നു. പിന്നീട് 2010 ഏപ്രില്‍ 12ന് സമാന രീതിയില്‍ മറ്റൊരു കത്ത് അന്നത്തെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടി ബാലകൃഷ്ണനും നല്‍കി. എന്നാല്‍ മന്ത്രിക്ക് നല്‍കിയ കത്തിനെക്കുറിച്ച് വ്യവസായ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പരാമര്‍ശമില്ലായിരുന്നു. ഇക്കാര്യം ബോധപൂര്‍വം മറച്ചുവെക്കുകയായിരുന്നുവെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തിലുണ്ട്.
കെ ജി എസ് കമ്പനിയുടെ നിയമവിരുദ്ധമായ നടപടികള്‍ വ്യവസായ വകുപ്പ് സെക്രട്ടറി മന്ത്രിസഭയില്‍ നിന്ന് ബോധപൂര്‍വം മറച്ചുവെക്കുകയും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നോട്ട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുകയുമായിരുന്നുവെന്നും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു. കെ ജി എസ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നന്ദകുമാറുമായുള്ള ഗൂഢാലോചനകളുടെ ഫലമായിരുന്നു ടി ബാലകൃഷ്ണന്റെ നടപടികളെന്നും ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടക്കുകയും ചെയ്തതായും വിജിലന്‍സ് വ്യക്തമാക്കി.
വിമാനത്താവള നിര്‍മാണം ഗതാഗത വകുപ്പിനു കീഴിലുള്ള കാര്യമാണെന്നിരിക്കെ വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഇടപെടല്‍ നിയമപരമല്ലായിരുന്നു. സര്‍ക്കാറിന്റെ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം വിമാനത്താവളങ്ങളുടെ നിര്‍മാണം ഗതാഗതവകുപ്പിന്റെ അധീനതയില്‍പ്പെടുന്നതാണ്. ഇതില്‍ വ്യവസായ വകുപ്പിന് പങ്കില്ല.
ആറന്മുള വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ ടി ബാലകൃഷ്ണനും കെ ജി എസ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി ടി നന്ദകുമാറും സമര്‍പ്പിച്ച ഹരജികളിലാണ് വിജിലന്‍സിന്റെ വിശദീകരണം. ഇരുവരുടെയും ഹരജികളെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം കോടതി തടഞ്ഞിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അഴിമതി നിരോധ നിയമ പ്രകാരമുള്ള കുറ്റകൃത്യം വ്യക്തമാണെന്നും വിജിലന്‍സ് ബോധിപ്പിച്ചു. ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അന്വേഷണം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.