സമരങ്ങള്‍ വികസന വിരുദ്ധമാകരുത്

Posted on: February 12, 2014 6:00 am | Last updated: February 12, 2014 at 2:35 pm

siraj copyരണ്ട് ദിവസം ബേങ്കുകള്‍ നിശ്ചലം. തിങ്കളാഴ്ച പെട്രോള്‍ പമ്പുകളിലും റേഷന്‍ ഷാപ്പുകളിലും ബന്ദ്. ഇന്നും നാളെയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സമരം. പണിമുടക്ക് സമരത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കയാണ് രണ്ടുമുന്ന് ദിനങ്ങളായി കേരള ജനത. ശമ്പള പരിഷ്‌കരണം, കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കാതിരിക്കുക, പൊതുമേഖലാ ബാങ്കുകളിലെ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാതിരികക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാനത്തെ 4000 ദേശസാല്‍കൃത ബേങ്ക് ശാഖകളിലെ ജീവനക്കാര്‍ നടത്തിയ പണിമുടക്കിനെ തുടര്‍ന്നു ബേങ്കുകളിലെ പണമിടപാടുകള്‍ പൂര്‍ണമായും സ്തംഭിച്ചു. പൊതു സമൂഹത്തിന്റെ പണമിടപാടുകളില്‍ ബേങ്കുകളുടെ പങ്കാളിത്തം പൂര്‍വോപരി വര്‍ധിച്ചിരിക്കെ ഇത് പലരെയും പ്രയാസത്തിലാക്കി. പെട്രോള്‍ പമ്പുകളിലെ ഏകദിന സമരം മുമ്പേ പ്രഖ്യാപിച്ചതായതിനാല്‍ പൊതുഗതാഗതത്തെ സാരമായി ബാധിച്ചില്ലെങ്കിലും, തിങ്കളാഴ്ച സപ്ലൈകോ പമ്പുകളില്‍ പ്രത്യക്ഷപ്പെട്ട നീണ്ട വരികള്‍, അതിന്റെ കെടുതികളനുഭവിച്ചവരും കുറവല്ലെന്നാണ് കാണിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ ബസ് പണിമുടക്ക്, മീറ്റര്‍ റീഡിംഗ് പരിശോധന കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ചു കൊച്ചിയില്‍ ഓട്ടോറിക്ഷാ സമരം തുടങ്ങി പ്രാദേശികമായും പല പണിമുടക്കു സമരങ്ങളും അരങ്ങേറുന്നുണ്ട്.
പണിമുടക്കും ഹര്‍ത്താലുമെല്ലാം മുന്‍കാലങ്ങളില്‍ സമരക്കാരുടെ അവസാനത്തെ ആയുധമായിരുന്നു. ഇന്ന് സമരത്തിന്റെ പ്രാരംഭ ഘട്ടം തന്നെ സൂചനാ പണിമുടക്കായി മാറി. അതും ഒരു ദിവസമെന്നത് രണ്ടും മൂന്നും ദിവസങ്ങളായി വര്‍ധിച്ചിട്ടുമുണ്ട്. ബേങ്ക് ജീവനക്കാര്‍ തുടര്‍ച്ചയായി രണ്ട് ദിവസമാണ് പണിമുടക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമിതി നടത്തിയ അഖിലേന്ത്യാ പണിമുടക്കും രണ്ട് ദിനം നീണ്ടു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് സമരരംഗത്തിറങ്ങാന്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവകാശമുണ്ട്. അതുപക്ഷേ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാതെയും നാടിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കാതെയുമാകണം. രാജ്യത്തിന് കോടികളുടെ നഷ്ടമാണ് ഓരോ പണിമുടക്കിന്റെയും അനന്തര ഫലമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ ദേശീയ പണിമുടക്കില്‍ ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ്, ഗതാഗത മേഖലകള്‍ തടസ്സപ്പെട്ടതിലൂടെ രാജ്യത്തിന് 26000 കോടി യുടെ നഷ്ടം സംഭവിച്ചു. സമരത്തോടനുബന്ധിച്ച ആക്രമങ്ങളിലുണ്ടായ നഷ്ടങ്ങള്‍ വേറെയും.
നഷ്ടപ്പെടുന്ന മനുഷ്യാധ്വാനം വീണ്ടെടുക്കാകുന്നതല്ല. സമരത്തിലൂടെ നഷ്ടമാകുന്ന മനുഷ്യാധ്വാനം ഉത്പാദനം ഗണ്യമായി കുറയാനിടയാക്കും.ആഭ്യന്തര ഉത്പാദനത്തിന്റെ കുറവ് ഇറക്കുമതി കൂട്ടുകയും വിദേശ നാണ്യത്തിന്റെ ആവശ്യം വര്‍ധിപ്പിക്കുകയും ചെയ്യും. രൂപയുടെ മൂല്യം അതിനനുസൃതം കുറയും. രൂപയുടെ മൂല്യത്തകര്‍ച്ച വിലക്കയറ്റം വീണ്ടു രൂക്ഷമാക്കും. കേരളത്തിലേതു പോലെ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജനസമൂഹത്തിലാണ് ഉത്പാദന നഷ്ടത്തിന്റെ ഫലം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത്. വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളിലാണ് വിലവര്‍ധന രൂക്ഷമാക്കാനിടയാക്കുന്ന സമരമുറകള്‍ പ്രയോഗിക്കുന്നതെന്നാണ് വിരോധാഭാസം.
പണിമുടക്കു സമരങ്ങളില്‍ ആവശ്യ സര്‍വീസുകളെ ഒഴിവാക്കണമെന്നത് പൊതുതത്വമാണ്. എന്നാല്‍ നമ്മുട രാജ്യത്ത് അരങ്ങേറുന്ന സമരങ്ങളില്‍ ഇത് പാലിക്കാറില്ല. മാത്രമല്ല, ബസ് ജീവനക്കാരും മോട്ടോര്‍ തൊഴിലാളികളുമെല്ലാം മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു യാത്രക്കാരെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന പ്രവണതയും സാര്‍വത്രികമാണ്. സമരത്തെ ചൊല്ലി ആവശ്യ സര്‍വീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനായി, ജോലിക്കിടെ പണിമുടക്കുന്നവര്‍ക്കെതിരെ എസ്മ പ്രയോഗിക്കാനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അധികാരം നല്‍കുന്ന ഒരു നിയമം കര്‍ണാടക സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി. ജോലിക്കിടെ പണിമുടക്കുന്നവരെയും സമരത്തില്‍ പങ്കെടുക്കുന്നവരെയും ഒരു വര്‍ഷം വരെ തടവിലിടാനും 5,000 രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമം, സമരത്തിന് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇതേ ശിക്ഷ നല്‍കാനുള്ള അവകാശം നല്‍കുന്നു. കരിനിയമമെന്നു ജീവനക്കാര്‍ അധിക്ഷേപിക്കുമെങ്കിലും പണിമുടക്ക് സമരം അവതാളത്തിലാക്കുന്ന അവശ്യ സര്‍വീസുകളുടെയും ദുരിതമനുഭവിക്കുന്ന പൊതുജനത്തിന്റെയും രക്ഷയെ കരുതിയാണ് ഭരണകൂടത്തിന് ഇത്തരം കടുത്ത നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരുന്നത്.