ഗതാഗതക്കുരുക്കഴിക്കാന്‍ സി സി ടി വി ക്യാമറകള്‍

Posted on: February 12, 2014 12:11 am | Last updated: February 12, 2014 at 12:11 am
SHARE

cctvമസ്‌കത്ത്: വര്‍ധിച്ച് വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ഗവര്‍ണണറേറ്റിലെ പ്രധാന റോഡുകളിലെല്ലാം ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സി സി ടി വി) ക്യാമറ സ്ഥാപിക്കുന്നു. അടുത്ത മാസങ്ങളില്‍ തന്നെ സി സി ടി വികള്‍ പൂര്‍ണമായും സ്ഥാപിക്കുമെന്ന് നഗരസഭാ അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുള്ള സി സി ടി വിയിലൂടെ ഗതാഗതം നിരീക്ഷിക്കുന്നതിനും ഗതാഗത കുരുക്കുകള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണാനും സാധിക്കും. റോഡ് ക്രോസിംഗ് പോയിന്റുകള്‍, ട്രാഫിക് സിഗ്നലുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
അമിത വേഗത, സിഗ്നലുകള്‍ മറികടക്കല്‍ തുടങ്ങിയവ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ക്യാമറ സഹായകമാകും. വാഹനങ്ങളുടെ ചലന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നവയാണ് ക്യാമറകള്‍. നിലവുലുള്ള ക്യാമറകള്‍ വഴി ചിത്രങ്ങള്‍ എടുക്കാന്‍ മാത്രമാണ് സാധിക്കുക. കൂടുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ നിയന്ത്രിക്കുന്നതിന് 2015 അവസാനത്തോടെ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ (ടി സി സി) ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. എല്ലാ സിഗ്നലുകളിലും ട്രാഫിക് ശൃംഖലയും ടി സി സിയിലൂടെ നിയന്ത്രിക്കും. തലസ്ഥാന നഗരിയുടെ സമീപ പ്രദേശങ്ങളിലെ സിഗ്നലുകളെയാണ് ടി സി സിയിലൂടെ നിയന്ത്രിക്കുക. മത്ര, സീബ്, സുല്‍ത്താന്‍ ഖാബൂസ് റോഡ്, മസ്‌കത്ത് എക്‌സ്പ്രസ് പാത, നഗരത്തിലെ രണ്ട് വരിപ്പാതകള്‍ എന്നിവയാണ് ടി സി സിയുടെ നിയന്ത്രണത്തില്‍ വരിക. വിദഗ്ധരുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ ഖുറം മദീനത്ത് സുല്‍ത്താന്‍ ഖാബൂസിലാണ് സ്ഥാപിക്കുന്നത്. തലസ്ഥാന നഗരിയില്‍ കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലാണ് സി സി ടി വി സ്ഥാപിക്കുകയെന്ന് റോയല്‍ ഒമാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ മസ്‌കത്ത്, ഗുബ്ര, ഖുറം, അസൈബ, ബോശര്‍, സീബ്, മത്ര എന്നിവിടങ്ങളില്‍ സ്ഥാപിച്ച പുതിയ ക്യാമറകള്‍ അപകട നിരക്ക് 50 ശതമാനം കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളിലാണ് കൂടുതല്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. എല്ലാ സിഗ്നലുകളിലെയും ക്യമാറകളില്‍ ഇലക്ട്രിക് ബേറ്ററികള്‍ സ്ഥാപിക്കുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here