യു എ ഇ കസ്റ്റംസ് നികുതി ചുമത്തുന്നു; ഒമാനില്‍ വിലക്കയറ്റത്തിനു സാധ്യത

Posted on: February 12, 2014 12:09 am | Last updated: February 12, 2014 at 12:09 am

മസ്‌കത്ത്: യു എ ഇയില്‍ നിന്നും അതിര്‍ത്തി കടന്നു വരുന്ന ചരക്കു വാഹനങ്ങള്‍ക്ക് കസ്റ്റംസ് നികുതി ചുമത്താന്‍ യു എ ഇ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങളടക്കം നിശ്ചിത വസ്തുക്കള്‍ക്ക് മാത്രമായിരിക്കും നികുതി. ഇത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകും. റഫ്രിജറേറ്റഡ് ട്രക്ക്, ഭക്ഷ്യ വസ്തുക്കള്‍, കെമിക്കല്‍ തുടങ്ങിയ എത്തിക്കുന്ന വാഹനങ്ങള്‍ എന്നിങ്ങനെ 18 തരം ചരക്ക് ഗതാഗതം നടത്തുന്ന വാഹനങ്ങളില്‍ നിന്നാണ് നികുതി ഈടാക്കുക.
ഓരോ ട്രിപ്പിനും 50 റിയാല്‍ വീതം ഈടാക്കും. ഗുഡ്‌സ് വാഹനങ്ങളില്‍ നിന്ന് 10 റിയാലാണ് ഈടാക്കുക. നിശ്ചിത അളവില്‍ അധികം വരുന്ന സാധനങ്ങള്‍ക്ക് ഓരോ ടണിനും ഒരു റിയാലും ചെക്ക് പോസ്റ്റില്‍ അടക്കണം. ട്രക്കുകള്‍ക്ക് പുറമെ യാത്രാ ബസുകള്‍ക്കും നികുതി ചുമത്തും. ഓരോ ബസിനും പത്ത് റിയാലും നിശ്ചിത എണ്ണത്തില്‍ അധികം വരുന്ന സീറ്റ് ഒന്നിന് 500 ബൈസ വീതവും ഈടാക്കും. രാജ്യത്തേക്ക് പ്രധാനമായും ഭക്ഷ്യ വസ്തുക്കളടക്കമുള്ള ചരക്ക് ഇറക്കുമതി നടത്തുന്നത് യു എ ഇയില്‍ നിന്നാണ്. യു എ ഇയുട പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. വിലക്കയറ്റിത്തിനും ഇത് കാരണമാകും. വിമാന മാര്‍ഗമുള്ള ചരക്ക് ഗതാഗതത്തിനു ചെലവേറിയതും യു എ ഇയില്‍ നിന്ന് ചെറിയ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുന്നതുമാണ് അതിര്‍ത്തി വഴി സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കാരണം.
പാചക എണ്ണ, പഴ വര്‍ഗങ്ങള്‍, സുഗന്ധ വൃജ്ഞനങ്ങള്‍, ചോക്കളേറ്റ്, മദ്യം എന്നിവക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെ വില വര്‍ധിക്കുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. നികുതി ഈടാക്കുന്നതോടെ സാധനങ്ങളുടെ ഇറക്കുമതി കുറയുന്നത് ആവശ്യം വര്‍ധിക്കാനിടയാക്കും. ചുരുങ്ങിയ മാസത്തിനുള്ളില്‍ തന്നെ ഇറക്കുമതി ചെയ്ത സാധനങ്ങള്‍ തീരുന്നതോടെ വില വര്‍ധിച്ചു തുടങ്ങും. യു എ ഇ നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് പ്രകാരം ഒമാനിലേക്കുള്ള എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 2012ലെ ആദ്യ ആറ് മാസം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 460. 86 ദശലക്ഷം യു എ ഇ ദിര്‍ഹമിന്റെ ഉത്പന്നങ്ങളാണ് ഒമാനിലേക്ക് കയറ്റുമതി ചെയ്തത്. 763,192 കിലോ ഗ്രാം സാധനങ്ങള്‍. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് പ്രകാരം യു എ ഇയിലേക്കുള്ള കയറ്റുമതില്‍ കഴിഞ്ഞ വര്‍ഷം 24.3 ശതമാനം വര്‍ധനയാണ് ഉണ്ടായത്.