അധ്യാപക സമൂഹത്തോട് ആദരവ്: സ്ഥാനപതി

Posted on: February 11, 2014 7:48 pm | Last updated: February 11, 2014 at 7:48 pm

ഷാര്‍ജ: അധ്യാപക വൃത്തിയോട് തനിക്ക് അതിയായ ആദരവുണ്ടെന്ന് യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പ്രസ്താവിച്ചു. അധ്യാപക സമൂഹത്തോട് സംവദിക്കാന്‍ ആഗ്രഹമുണ്ട്. അതിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സ്ഥാനപതി.

ഞാനും ഒരു അധ്യാപകനായിരുന്നു. ഒരു വര്‍ഷത്തോളം നാട്ടില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. സ്ഥാനപതി സ്ഥാനത്തു നിന്നു വിരമിച്ചാല്‍ അധ്യാപകനായി ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും പ്രഫസര്‍ കൂടിയായ ടി പി സീതാറാം പറഞ്ഞു. തന്റെ മാതാപിതാക്കള്‍ അധ്യാപകരായിരുന്നു. അതു കൊണ്ടു തന്നെ അധ്യാപക വൃത്തിയെ ഏറെ സ്‌നേഹിച്ചു. വാര്‍ധക്യം പിടികൂടാത്തവരാണ് അധ്യാപകര്‍. അവര്‍ക്ക് എന്നും ചെറുപ്പമാണ്. കുട്ടികളോടുള്ള ബന്ധം മാനസികമായി അവരില്‍ യൗവനം നിലനിര്‍ത്തുന്നു. കുട്ടികളില്‍ നിന്നു അധ്യാപകര്‍ക്ക് പലതും പഠിക്കാനുണ്ട്. ഇക്കാര്യം മറക്കരുതെന്നും അദ്ദേഹം അധ്യാപക സമൂഹത്തെ ഓര്‍മിപ്പിച്ചു. അബുദാബിയില്‍ ആവശ്യത്തിനു വിദ്യാലയങ്ങള്‍ ഇല്ലാത്തത് പ്രവാസികളുടെ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുകയാണ്. മക്കളെ പഠിപ്പിക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍ പരക്കം പായുന്ന അവസ്ഥയാണുള്ളത്. വില്ലകളിലും മറ്റും പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്തതാണ് പഠന സൗകര്യം കുറയാന്‍ ഇടയാക്കിയത്. ഏകദേശം 4,000 ഓളം കുട്ടികള്‍ക്ക് ഇത്തവണ പ്രവേശനം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും മറ്റും യോഗം താമസിയാതെ വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിച്ച സ്ഥാനപതി സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈ എ റഹീം അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍, ട്രഷറര്‍ എ എം അമീര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും വിദ്യാര്‍ഥിനി അഖില നന്ദിയും പറഞ്ഞു.