വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റു

Posted on: February 11, 2014 11:50 am | Last updated: February 11, 2014 at 11:42 pm

vm sudheeran

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റായി വി എം സുധീരന്‍ ചുമതലയേറ്റു. ഇന്ദിരാഭവനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, പി പി തങ്കച്ചന്‍, കെ മുരളീധരന്‍ എം എല്‍ എ, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് അഭ്യൂഹങ്ങള്‍ക്കിടയായിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി കെ പി സി സി ഓഫീസിലെത്തി സുധീരനെ കണ്ടു. ചടങ്ങിന് എത്താനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നതായി സുധീരന്‍ പ്രതികരിച്ചു.

ഇന്നലെയാണ് കെ പി സി സി പ്രസിഡന്റായി വി എം സുധീരനെ തിരഞ്ഞെടുത്തത് ചെന്നിത്തല മാധ്യമങ്ങളോട് അറിയിച്ചത്. ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കെ പി സി സി പ്രസിഡന്റിനെ ഹൈക്കമാന്റ് തീരുമാനിച്ചത്. കെ പി സി സിയുടെ വൈസ് പ്രസിഡന്റായി വി ഡി സതീശന്‍ എം എല്‍ എയെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകള്‍ക്കും താല്‍പര്യം സ്പീക്കര്‍ ജി കാര്‍ത്തികേയനെയായിരുന്നു. എന്നാല്‍ ഈ താത്പര്യം മറികടന്നാണ് സുധീരന്റെ നിയമനം.