Connect with us

International

ജനീവയില്‍ രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചു

Published

|

Last Updated

ദമസ്‌കസ്/ജനീവ: സിറിയന്‍ വിഷയത്തില്‍ ശാശ്വത പരിഹാരം തേടി ജനീവയില്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ചക്ക് തുടക്കമായി. രണ്ടാം ജനീവ എന്ന പേരില്‍ ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട അന്താരാഷ്ട്രതല ചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ണ പരാജയമായിരുന്നു. കഴിഞ്ഞ മാസം നടന്ന ഒന്നാം ഘട്ട ചര്‍ച്ചയില്‍ സിറിയന്‍ സര്‍ക്കാര്‍ വക്താക്കളെയും വിമതരെയും ഒരുമിച്ചിരുത്തി തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും മധ്യസ്ഥര്‍ക്ക് സാധിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കേയാണ് രണ്ടാംഘട്ട ചര്‍ച്ച.
എന്നാല്‍, രണ്ടാംഘട്ട ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും സര്‍ക്കാര്‍ വക്താക്കളും പ്രതിപക്ഷ, വിമത നേതാക്കളും ഒരുമിച്ചിരുന്ന് ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച നടത്തുമെന്നും സിറിയന്‍ വിഷയത്തിലെ യു എന്‍, അറബ്‌ലീഗ് പ്രത്യേക പ്രതിനിധിയും ചര്‍ച്ചയുടെ മധ്യസ്ഥനുമായ ലഖ്ദര്‍ ഇബ്‌റാഹീമി വ്യക്തമാക്കി.
അതിനിടെ, സിറിയന്‍ പ്രക്ഷോഭ നഗരമായ ഹംസില്‍ നിന്ന് നൂറ് കണക്കിനാളുകളെ സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റിയതായി യു എന്‍ വക്താക്കള്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ രൂക്ഷമായ ഹംസിലെ വിമത കേന്ദ്രങ്ങളിലും മറ്റും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇരുകൂട്ടരും തയ്യാറായതിന് പിന്നാലെയാണ് മാസങ്ങളോളമായി ഹംസിലെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുകയായിരുന്ന നൂറോളം പേരെ കൂടി രക്ഷപ്പെടുത്തിയത്. മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ഇരുകൂട്ടരും ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് എപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടാനിടയുണ്ടെന്ന് യു എന്‍ വക്താക്കള്‍ അറിയിച്ചു.
മൂന്ന് ദിവസം മുമ്പാരംഭിച്ച രക്ഷാപ്രവര്‍ത്തനം വിമത ആക്രമണങ്ങളെ തുടര്‍ന്ന് ഇടക്കിടെ നിര്‍ത്തിവെക്കുകയായിരുന്നു. ഹംസിലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെത്തിയ യു എന്‍ ഉദ്യോഗസ്ഥര്‍ക്കും സിറിയന്‍ റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ക്ക് നേരെയും ബോംബാക്രമണങ്ങളും മറ്റും ഉണ്ടായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഹംസില്‍ മാസങ്ങളോളമായി മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. കുട്ടികളടക്കമുള്ള സംഘങ്ങള്‍ക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യു എന്‍ നടപടി.