പ്രവാസി രക്ഷിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചിലവഴിക്കുന്നത് ഒരു മണിക്കൂറില്‍ താഴെയെന്ന്

Posted on: February 10, 2014 6:35 pm | Last updated: February 10, 2014 at 6:35 pm

2426686806അബുദാബി: പ്രവാസികളായ മാതാപിതാക്കള്‍ മക്കള്‍ക്കൊപ്പം ചെലവിടുന്നത് ഒരു മണിക്കൂറില്‍ താഴെയെന്ന് സര്‍വേ. ദിനേന കുട്ടികള്‍ക്കൊപ്പം ചെലവിടുന്നത് 50 മിനുട്ട് മാത്രമാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. വ്യാഴാഴ്ചകൡ 75 മിനുട്ടോളം ശരാശരി ചെലവിടുന്നുണ്ടെന്നും സര്‍വേ വെളിപ്പെടുത്തുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും ജോലി ഭാരം, ദീര്‍ഘമായ ജോലി സമയം, ടി വിയും കമ്പ്യൂട്ടറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് മുമ്പില്‍ ചെലവിടുന്ന സമയം മറ്റ് വീട്ടുകാര്യങ്ങള്‍ ഇവക്കെല്ലാം നല്‍കിയ ശേഷമാണ് കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കുന്നത്. ആഴ്ചയില്‍ 11 മണിക്കൂര്‍ മാത്രമാണ് രക്ഷിതാക്കള്‍ കുട്ടികളുമായി പങ്കിടുന്നതെന്നും അബുദാബി പോലീസിന്റെ കീഴിലുള്ള പ്രസിദ്ധീകരണമായ 999 നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു.

1,200 പ്രവാസി രക്ഷിതാക്കളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ സംഘടിപ്പിച്ചത്. 62 ശതമാനം രക്ഷിതാക്കളും പ്രതികരിച്ചത് വീട്ടില്‍ ഉണ്ടാവുന്ന സമയത്തിന്റെ സിംഹഭാഗവും ടി വി കാണാനും ഗൃഹപാഠം ചെയ്യാനും വായിക്കാനും കമ്പ്യൂട്ടര്‍ ഗെയിമിനും മറ്റുമായി സമയം ചെലവഴിക്കുന്നുവെന്നാണ്.
കുട്ടികളുമായി കൂടുതല്‍ സമയം ഇടപഴകാത്തത് കനത്ത പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികളുമായി കൂടുതല്‍ സമയം ചെലവിടാന്‍ ശ്രമിച്ചില്ലെങ്കില്‍ അവരില്‍ ഒരുപാട് മാനസിക പ്രശ്‌നങ്ങള്‍ക്ക് അത് ഇടയാക്കുമെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. മെഹ്‌വാഷ് അലി അഭിപ്രായപ്പെട്ടു. സ്വഭാവ വൈകല്യങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍, സാമൂഹികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവക്ക് ഇത് വഴിവെക്കുമെന്നും അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ അക്കാഡമിക് സെന്റര്‍ ഡയറക്ടര്‍ കൂടിയായ അവര്‍ പറഞ്ഞു. ഇത്തരം കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഉല്‍സാഹമില്ലായ്മ, ഉത്കണ്ഠ, ഭക്ഷണം കഴിക്കുന്നതിലെ പാകപ്പിഴകള്‍ എന്നിവക്കൊപ്പം പഠനം പാതയിയില്‍ ഉപേക്ഷിച്ചേക്കാവുന്ന സാഹചര്യവും കണ്ടുവരാറുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും ദീര്‍ഘനേരം വിട്ടുനില്‍ക്കേണ്ടി വരുന്നതും പ്രധാന വില്ലന്മാരായി മാറാറുണ്ട്. കുടുംബത്തില്‍ ഒന്നിച്ചിരിക്കാനും സംസാരിക്കാനും അടുത്ത് ഇടപഴകാനും വിഘാതമാവുന്നത് ടെലിവിഷനും ഇന്റര്‍നെറ്റുമാണ്. 14 ശതമാനത്തിനും വീട്ടില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് വിഘാതമാവുന്നത് ടെലിവിഷനാണെന്ന് സര്‍വേയില്‍ പ്രതികരിച്ചവര്‍ വ്യക്തമാക്കുന്നു. 11 ശതമാനം ഇന്റര്‍നെറ്റിന്റെ സാന്നിധ്യമാണ് ഇത്തരം ഒരു അവസ്ഥക്ക് ഇടയാക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
അഞ്ചു ശതമാനം മാതാപിതാക്കള്‍ കുട്ടികള്‍ മുതിര്‍ന്നതിനാല്‍ തങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രതികരിച്ചു. മാതാപിതാക്കളും കുട്ടികളുമായി ശക്തമായ ആശയവിനിമയം നടക്കുന്ന കുടുംബങ്ങൡല കുട്ടികളില്‍ നൈരാശ്യം കണ്ടുവരാറില്ലെന്ന് 999 എഡിറ്റര്‍ ഇന്‍ ചീഫ് ലഫ്. കേണല്‍ അവദ് സാലിഹ് അല്‍ കിംന്തി അഭിപ്രായപ്പെട്ടു.