Connect with us

National

ഇശ്‌റത്തിനെ തീവ്രവാദിയാക്കി ചിത്രീകരിച്ചത് ഐ ബി

Published

|

Last Updated

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാനെ തീവ്രവാദിയായി ചിത്രീകരിച്ച് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്റലിജന്‍സ് ബ്യൂറോയിലെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രജീന്ദര്‍ കുമാറാണെന്ന് സി ബി ഐ. അഹമ്മദാബാദിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച രണ്ടാം കുറ്റപത്രത്തിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി ബി ഐ കഴിഞ്ഞ വ്യാഴാഴ്ച രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചത്.

ഐ ബി സ്‌പെഷ്യല്‍ ഡയറക്ടറായിരിക്കെ രജീന്ദര്‍ കുമാറാണ് ഇശ്‌റത്തിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നതിനാവശ്യമായ തെളിവുകള്‍ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയത്. മുംബൈ സ്വദേശിയായ ഇശ്‌റത്തിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത് ന്യായീകരിക്കുന്നതിനായാണ് തെളിവുകളുണ്ടാക്കി ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയതെന്ന് സി ബി ഐ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍ വി എസ് മണിയാണ് ഇശ്‌റത്തിന്റെ മുന്‍കാല ചരിത്രം സംബന്ധിച്ച പരസ്പരവിരുദ്ധമായ രണ്ട് സത്യവാങ്മൂലങ്ങള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ട് മാസത്തിനുള്ളിലായിരുന്നു രണ്ട് സത്യവാങ്മൂലങ്ങള്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയത്.
ഇശ്‌റത്തും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റ് മൂന്ന് പേരും തീവ്രവാദികളാണെന്നായിരുന്നു 2009 ആഗസ്റ്റ് ആറിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഇശ്‌റത്ത് തീവ്രവാദിയാണോയെന്നതിന് നിര്‍ണായകമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു അതേ വര്‍ഷം സെപ്തംബര്‍ മുപ്പതിന് ആര്‍ വി എസ് മണി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ആഗസ്റ്റ് ആറിന് നല്‍കിയ സത്യവാങ്മൂലത്തിന്റെ സൂത്രധാരന്‍ രജീന്ദര്‍ കുമാര്‍ ആയിരുന്നുവെന്നും ഇക്കാര്യത്തില്‍ രജീന്ദര്‍ കുമാറിനുള്ള പങ്ക് അന്വേഷിച്ചു വരികയാണെന്നും സി ബി ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന വിലയിരുത്തലിലാണ് സി ബി ഐ.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയവരെന്ന് ആരോപിച്ച് നടന്ന ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഒരു ദശാബ്ദമാകുമ്പോഴാണ് സി ബി ഐ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇശ്‌റത്ത് ജഹാനെ കൂടാതെ മലയാളിയായ ജാവീദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെയാണ് ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത്.
രജീന്ദര്‍ കുമാറിനെ കൂടാതെ പി മിത്തല്‍, എം കെ സിന്‍ഹ, രാജീവ് വാങ്കഡെ എന്നിവരെയാണ് രണ്ടാം കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയും സംസ്ഥാനത്തെ മുന്‍ ആഭ്യന്തര മന്ത്രിയായ അമിത് ഷായെ രണ്ടാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

---- facebook comment plugin here -----

Latest