ആശങ്കകള്‍ അകറ്റണം

Posted on: February 10, 2014 3:16 pm | Last updated: February 10, 2014 at 3:16 pm

SIRAJ.......ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനരൂപവത്കരണത്തിനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയ നോട്ടീസില്‍ വരെ എത്തിനില്‍ക്കുന്നു. കോണ്‍ഗ്രസ് എം പി സബ്ബം ഹരി, ടി ഡി പിക്കാരനായ എം പി വേണുഗോപാല റെഡ്ഢി എന്നിവരാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. മന്‍മോഹന്‍ സിംഗ് നയിക്കുന്ന രണ്ടാം യു പി എ സര്‍ക്കാറിന് പാര്‍ലിമെന്റില്‍ തനിച്ച് ഭൂരിപക്ഷമില്ല. പക്ഷെ ആപല്‍ ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ഒരു കൈത്താങ്ങ് നല്‍കാന്‍ സന്നദ്ധമായ പ്രതിപക്ഷപാര്‍ട്ടികള്‍ മന്‍മോഹന്‍ സിംഗിന് കൂട്ടുണ്ട്. മിത്രങ്ങളേക്കാള്‍ ഈ രാഷ്ട്രീയ എതിരാളികളെയാണ ്‌സിംഗിന് വിശ്വാസം. കാര്യത്തിന്റെ ഗൗരവമനുസരിച്ച് എന്തിനും സന്നദ്ധരാണെന്ന് സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി തുടങ്ങിയവ തെളിയിച്ചുകഴിഞ്ഞതാണ്. ഇതിന് ഭരണകൂടം പ്രത്യുപകാരം ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് അവിശ്വാസ പ്രമേയമെന്ന ഓലപ്പാമ്പ്‌കൊണ്ടൊന്നും മന്‍മോഹനെ വിരട്ടാനാകില്ലെന്ന് രാജ്യം മനസ്സിലാക്കിയതാണ്. ഇതിന് മുമ്പ് കഴിഞ്ഞ ഡിസംബറില്‍ സീമാന്ധ്രയില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എം പിമാര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ ബഹളത്തിനിടയില്‍ അത് പരിഗണിക്കാന്‍ സമയം കിട്ടിയില്ല. യു പി എ വിട്ട മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മന്‍മോഹനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ലോക്‌സഭാംഗങ്ങളില്‍ 10 ശതമാനത്തിന്റെ പിന്തുണ കിട്ടാത്തതിനാല്‍ ശ്രമം വിഫലമായി. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്തുവെങ്കിലും വോട്ടെടുപ്പില്‍ ജയം സര്‍ക്കാറിനായിരുന്നു. ഒരു ന്യൂനപക്ഷ സര്‍ക്കാറിന് എങ്ങനെ ഭൂരിപക്ഷം സംഘടിപ്പിച്ചെടുക്കാമെന്നതിന് ഒന്നാം തരം ഉദാഹരണമാണ് ‘വോട്ടിന് നോട്ട്’എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ചാക്കിടല്‍ തന്ത്രം. സര്‍ക്കാറില്‍ വിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം പാസാക്കിയെടുക്കാന്‍ കോടികളാണ് അന്ന് എടുത്ത് വീശിയത്. ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിന് തീരാക്കളങ്കം ചാര്‍ത്തിയ ഈ സംഭവത്തില്‍ ഇനിയും കുറ്റക്കാരെ കണ്ടെത്താന്‍ ആയിട്ടില്ല. പതിനഞ്ചാമത് ലോക്‌സഭയുടെ അവസാന സമ്മേളനം ഈ മാസം 21ന് അവസാനിക്കുമെന്നിരിക്കെ അവിശ്വാസ പ്രമേയം പരിഗണിക്കപ്പെടാനുള്ള സാധ്യത നന്നേ കുറവാണ്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പെങ്കിലും പുതിയ തെലങ്കാന സംസ്ഥാനം രൂപവത്കരണ തീരുമാനം പാര്‍ലിമെന്റിന്റെ നടപ്പു സമ്മേളന കാലത്ത് തന്നെ പാസാക്കണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു തന്നെയാണ് ഈ നീക്കങ്ങള്‍.

പുതിയ സംസ്ഥാനങ്ങള്‍ക്കായുള്ള മുറവിളി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ ഭരണകൂടങ്ങള്‍ പ്രകടിപ്പിക്കുന്ന അവഗണനയാണ് പുതിയ സംസ്ഥാനങ്ങള്‍ക്കായുള്ള മുറവിളിക്ക് കരുത്ത് പകരുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടങ്ങള്‍ക്കും അതിന് നടുനായകത്വം വഹിച്ച രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. നിയമനിര്‍മാണ സഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലാണ് പിന്തുണ വാഗ്ദാനം ചെയ്ത് പുതിയ സംസ്ഥാനങ്ങള്‍ക്കും മറ്റുമായി പല കക്ഷികളും രംഗത്തുവരാറുള്ളത്. കാര്യം അത്ര എളുപ്പം നടപ്പാക്കുക പ്രയാസമാണെന്ന വസ്തുത മനസ്സിലാക്കിത്തന്നെയാണ് ഭരണാധികാരികള്‍ തന്‍കാര്യം നേടാന്‍ പുതിയ സംസ്ഥാനങ്ങള്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് തലയാട്ടുന്നത്. പ്രത്യേക തെലങ്കാന സംസ്ഥാനമെന്ന സ്വപ്‌നം താലോലിച്ച് തെലങ്കാന രാഷ്ട്ര സമിതി(ടി ആര്‍ എസ്)വളര്‍ന്നതും കരുത്താര്‍ജിച്ചതും ഇങ്ങനെയാണ്. അവരുടെ ആവശ്യങ്ങള്‍ നിറവേറിക്കഴിഞ്ഞാല്‍, ആപത്ത് കാലത്ത് കൂടെ നിന്നവരെ അവഗണിക്കുകയോ, അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയോ ഭരണകക്ഷികള്‍ ചെയ്യുമ്പോഴാണ് ‘തെലങ്കാന’ പോലുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ അതിന്റെ പ്രണേതാക്കള്‍ മുതിരുന്നത്. ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്താനും ക്രമസമാധാന പ്രശ്‌നങ്ങളായി ഇതിനെ വളര്‍ത്തിയെടുക്കാനും വലിയ പ്രയാസമില്ലെന്ന് ആന്ധ്രയില്‍ നടന്ന അക്രമാസക്ത സമരമുറകള്‍ നമ്മെ പഠിപ്പിക്കുന്നു.
പ്രത്യേക തെലങ്കാന സംസ്ഥാനം അനുവദിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ബോധ്യം വന്ന ഘട്ടത്തില്‍ പോലും, ഇക്കാര്യത്തില്‍ താത്പര്യമുള്ള എല്ലാവരുമായി ഗൗരവപൂര്‍ണമായ ചര്‍ച്ചനടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നില്ല. പുതിയ സംസ്ഥാനം രൂപവത്കരിക്കുമ്പോള്‍ വിവിധ മേഖലകളിലുള്ളവര്‍ക്ക് ന്യായമായും ഉണ്ടാകാവുന്ന ആശങ്കകള്‍ അകറ്റിവേണം മുന്നോട്ടു പോകുക. ഒരു സംസ്ഥാനം വിഭജിച്ച് പുതിയൊരു സംസ്ഥാനം രൂപവത്കരിക്കുമ്പോള്‍ തലസ്ഥാനം, വൈദ്യുതി, കുടിവെള്ളം, സാമ്പത്തിക സ്രോതസ്സുകള്‍, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങി എണ്ണമറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായിവരും. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ശ്രമമൊന്നും ഉണ്ടായില്ല. ഭരണഘടനാപരമായും നിയമപരമായും പാലിക്കേണ്ട കാര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടതായിരുന്നു. സ്വാഭാവികമായും ഇതെല്ലാം ജനമനസ്സുകളില്‍ ആശങ്ക ജനിപ്പിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിയെ പോലും വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രം തയ്യാറായില്ല. കോണ്‍ഗ്രസ് എം പിമാരടക്കമുള്ളവര്‍ക്കൊപ്പം ജന്തര്‍മന്ദറില്‍ കിരണ്‍ കുമാര്‍ ധര്‍ണയിരുന്നത് വെറുതെയല്ല. ഇനിയിപ്പോള്‍ ആന്ധ്ര പുന:സംഘടനാ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്. രാജ്യത്തെ 29 ാമത് സംസ്ഥാനമായുള്ള തെലങ്കാനയുടെ പിറവി സുഗമമായി നടക്കട്ടെ എന്ന് നമുക്ക് ആശിക്കാം.