Connect with us

National

ഒഡീഷ ബോട്ട് ദുരന്തം: മരണസംഖ്യ 28 ആയി

Published

|

Last Updated

ഭുവനേശ്വര്‍: ഒഡീഷയിലെ സാമ്പല്‍പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഞായറാഴ്ച വൈകീട്ടാണ് നൂറോളം പേര്‍ കയറിയ ബോട്ട് മുങ്ങിയത്. ഇന്നലെ 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഞായറാഴ്ച 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.
ഒഡീഷ ഡിസാസ്റ്റര്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. അപകടം നടന്ന സ്ഥലത്ത് വളരെയധികം ആഴമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വിഷമകരമാണെന്ന് ഒഡീഷ സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ പി കെ മൊഹപത്ര പറഞ്ഞു.
സമ്പല്‍പുര്‍ ജില്ലയിലെ മഹാനദിയിലെ ഹിരാക്കുഡ്
റിസര്‍വോയറില്‍ 100 പേര്‍ കയറിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടിന് താങ്ങാവുന്നതിലധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് സമ്പല്‍പുര്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു.
വെളിച്ചക്കുറവ് മൂലം ഞായറാഴ്ച രാത്രിയിലെ രക്ഷാപ്രവര്‍ത്തനം വേണ്ടത്ര രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിയാത്തതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണം. വിനോദയാത്രക്കെത്തിയ ലയണ്‍സ് ക്ലബ് അംഗങ്ങളാണ് മരിച്ചവരില്‍ അധികവും. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകളുടെ സഹായവും തേടിയിരുന്നു. അപകടത്തെ കുറിച്ച് ആര്‍ ഡി ഒ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബോട്ടിന് സുരക്ഷാ സംവിധാനവും ലൈസന്‍സും ഉണ്ടോയെന്ന് അന്വേഷിക്കും. രക്ഷാപ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest