വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റ്; വി ഡി സതീശന്‍ വൈസ് പ്രസിഡന്റ്

Posted on: February 10, 2014 12:15 pm | Last updated: February 11, 2014 at 2:24 pm

vm sudheeran

തിരുവനന്തപുരം: വി എം സുധീരനെ പുതിയ കെ പി സി സി പ്രസിഡന്റായ തിരഞ്ഞെടുത്തു. വി ഡി സതീശന്‍ എം എല്‍ എ വൈസ് പ്രസിഡന്റാവും. ഹൈക്കമാന്റിന് പ്രിയപ്പെട്ട നേതാവ് എന്ന നിലയിലാണ് സുധീരന്‍ കെ പി സി സി പ്രസിഡന്റായിരിക്കുന്നത്. പൊതുസമൂഹത്തില്‍ മികച്ച പ്രതിച്ഛായയുള്ള നേതാവ് എന്നതാണ് സുധീരനെ പാര്‍ട്ടിയിലെ സമുന്നത പദവിയിലേക്ക് നയിച്ചത്. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുധീരന് പൊതുപ്രവര്‍ത്തന രംഗത്ത് നാലര പതിറ്റാണ്ടിന്റെ പാരമ്പര്യമുളള നേതാവാണ്.

സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവസാന നിമിഷം വരെ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ താല്‍പര്യമാണ് സുധീരന് നറുക്ക് വീണത്. എ കെ ആന്റണിയുടെ തീരുമാനവും ഇതില്‍ നിര്‍ണായകമാവുകയായിരുന്നു. ഒരു യുവനേതാവ് പ്രസിഡന്റാവണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ താല്‍പര്യമെങ്കിലും കേരളത്തിലെ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവാണ് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു. യുവ പ്രാതിനിധ്യം പൂര്‍ണമായും ഒഴിവാക്കാതിരിക്കാനാണ് വി ഡി സതീശനെ വൈസ് പ്രസിഡന്റാക്കിയത്.

vd-satheeshanഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ പ്രമുഖ നേതാവും മുന്‍ ആരോഗ്യമന്ത്രിയും കേരളനിയമസഭയുടെ മുന്‍ സ്പീക്കറുമാണ് വി എം സുധീരന്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയപ്രവര്‍ത്തനം പിന്തുടരുന്ന വ്യക്തികളില്‍ ഒരാള്‍ എന്നതാണ് സുധീരന് പൊതുസമൂഹത്തിലുള്ള സ്വീകാര്യത.

തൃശൂര്‍ ജില്ലയില്‍ അന്തിക്കാട് പഞ്ചായത്തിലെ പടിയത്ത് വി എസ് മാമയുടേയും ഗിരിജയുടേയും മകനായി 1948 മെയ് 26നാണ് വി എം സുധീരന്റെ ജനനം. ആലപ്പുഴ മണ്ഡലത്തില്‍ നിന്നും നാലുതവണ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതല്‍ 1996 വരെ കേരള നിയമസഭാംഗം. 1985 മുതല്‍ 1987 വരെ നിയമസഭാ സ്പീക്കാറായി പ്രവര്‍ത്തിച്ചു. കെ എസ് യുവിലൂടെയാണ് സുധീരന്റെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവെപ്പ്. 1971 മുതല്‍ 1973 വരെ കെ എസ് യുവിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു.
ലതയാണ് ഭാര്യ. ഒരു മകളും മകനുമുണ്ട്.