വംശനാശം നേരിടുന്ന പുള്ളിപ്പുലി കുഞ്ഞിന് ജന്മം നല്‍കി

Posted on: February 9, 2014 8:39 pm | Last updated: February 9, 2014 at 8:39 pm

Acinonyx jubatus - king morphഅബുദാബി: വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന അത്യപൂര്‍വ പുള്ളപ്പുലി വര്‍ഗ്ഗമായ കിംഗ് ചീറ്റ കുഞ്ഞിന് ജന്മം നല്‍കി. അബുദാബി വൈല്‍ഡ് ലൈഫ് സെന്ററിലാണ് ആറു വയസുള്ള ഷംവാരിയെന്ന കിംഗ് ചീറ്റ കുഞ്ഞിന് ജന്മം നല്‍കിയത്.
ലോകത്ത് അവശേഷിക്കുന്ന ഇത്തരത്തില്‍പ്പെട്ട 30 പുള്ളിപ്പുലികൡ ഒന്നാണ് കുഞ്ഞിന് ജന്മം നല്‍കിയരിക്കുന്നതെന്നത് ലോകമെങ്ങുമുള്ള മൃഗസ്‌നേഹികള്‍ക്ക് സന്തോഷത്തിന് വക നല്‍കിയിരിക്കയാണ്. അനിയന്ത്രിതമായ വേട്ടയും സ്വാഭാവിക താമസ സ്ഥലങ്ങളുടെ നാശവുമാണ് ലോകത്താകമാനം ഈ വര്‍ഗത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായി മാറിയിരിക്കുന്നത്. ബ്രീഡിംഗ് പരിപാടിയുടെ ഭാഗമായായിരുന്നു പെണ്‍ പുള്ളിപ്പുലിയെ സെന്ററില്‍ എത്തിച്ചത്.
പുള്ളിപ്പുലികളുടേത് സ്ത്രീ കേന്ദ്രീകൃത സമൂഹമാണെന്നും പെണ്‍ പുള്ളിപുലികളുടെ താല്‍പര്യം മുന്‍ നിര്‍ത്തിയെ ഇവയുടെ വംശവര്‍ധനവ് സാധ്യമാവൂവെന്നും സെന്റര്‍ മാനേജര്‍ റൊണേല്‍ ബാര്‍സിലസ് അഭിപ്രായപ്പെട്ടു.
പെണ്‍പുള്ളിപ്പുലി ഇണയെ സ്വീകരിക്കാന്‍ ആദ്യം തയ്യാറായില്ലെന്നും ക്ഷമയോടെ കാത്തിരുന്നാണ് ഇത് സാധ്യമായതെന്നും അവര്‍ വിശദീകരിച്ചു. മറ്റ് പുള്ളിപ്പുലികളില്‍ നിന്നും ഇവയുടെ പുള്ളിയില്‍ കാണുന്ന പ്രത്യേകതയാണ് ഇവയെ അത്യപൂര്‍വ ജീവികളായി മാറ്റുന്നത്. 1920ലാണ് പുള്ളിപ്പുലികള്‍ക്കിടയില്‍ നിന്നും കിംഗ് ചീറ്റയെന്ന അപൂര്‍വ വംശത്തെ കണ്ടെത്തുന്നത്. എന്നാല്‍ 1980ആണ് വെള്ളക്കടുവകളെപ്പോലെ ഇവയും സാധാരണ പുലികള്‍ക്ക് ജീനിലൂടെ കൈമാറിവരുന്ന മാറ്റങ്ങളാണ് പുള്ളികളുടെ വ്യതിരിക്തതക്ക് ഇടയാക്കുന്നതെന്ന് ബോധ്യപ്പെട്ടത്. അജ്മാനിലെ അല്‍ ബുസ്താന്‍ ഫാമാണ് അബുദാബി വൈല്‍ഡ് ലൈഫ് സെന്ററിന് ബ്രീഡിംഗ് പരിപാടിയുടെ ഭാഗമായി ഈ പെണ്‍ പുള്ളിപ്പുലിയെ സമ്മാനിച്ചത്.
ഭയങ്കര കുസൃതിക്കാരിയാണ് ഷംവാരിയെന്നും സ്വന്തം കൂടിന്റെ അഴികളില്‍ കടിക്കുക അവളുടെ സ്ഥിരം പരിപാടിയാണെന്നും ബാര്‍സിലോസ് പറഞ്ഞു. കടുവകളുടെയും സിംഹത്തിന്റെയും വേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാല്‍ കടിക്കാനുള്ള സാധ്യത കുറവാണ്. വൈദ്യുതി പ്രവാഹം തിരിച്ചറിയുന്നതിനാല്‍ അവ വേലിയില്‍ നിന്നും അകലം പാലിക്കുമെന്നും മാനേജര്‍ വെളിപ്പെടുത്തി.