Connect with us

Gulf

എമിറേറ്റ്‌സ് ഐഡി: ഈ വര്‍ഷം പുതിയ എട്ട് സേവന കേന്ദ്രങ്ങള്‍ കൂടി

Published

|

Last Updated

അബുദാബി: എമിറേറ്റ്‌സ് ഐ ഡി അതോറിറ്റി പൊതു ജനങ്ങളുടെ സേവനത്തിന് കൂടുതല്‍ സൗകര്യങ്ങളുമായി രംഗത്ത് വരുന്നു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം എട്ട് പുതിയ പൊതുജന സേവന കേന്ദ്രങ്ങള്‍ കൂടി തുറക്കാന്‍ അതോറിറ്റിയുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പുതിയ സേവന കേന്ദ്രങ്ങല്‍ സ്ഥാപിക്കുക. പടിഞ്ഞാറന്‍ മേഖലയില്‍ മദീന സായിദ്, അല്‍ ഐനിലെ അല്‍ഹീര്‍, അല്‍ യഹര്‍, ഷാര്‍ജയിലെ അല്‍ ദൈദ്, ദുബൈയിലെ അല്‍ ലുസൈലി, ഫുജൈറയിലെ ദിബ്ബ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വര്‍ഷം പുതിയ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.
ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കണക്കിലെടുത്താണ് വിവിധ ഭാഗങ്ങളില്‍ പുതിയ സേവന കേന്ദ്രങ്ങള്‍ അതോറിറ്റി സ്ഥാപിക്കുന്നത്. പുതിയതായി തുറക്കുന്ന കേന്ദ്രങ്ങള്‍ സമ്പൂര്‍ണ സേവനം ഉപഭോക്താവിന് ഉറപ്പ് വരുത്തുന്നവയായിരിക്കും. ബയോമെട്രിക് സ്‌കാനിംഗ്, ഫോട്ടോ എടുക്കല്‍, പരാതികള്‍ സ്വീകരിക്കല്‍ അന്വേഷണങ്ങള്‍, അപേക്ഷകളുടെ നിജസ്ഥിതി അറിയല്‍, മറ്റ് ഉപഭോക്തൃ സേവനങ്ങള്‍ എല്ലാം പുതിയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. ഇവക്കു പുറമെ സ്വദേശികള്‍ക്ക് മാത്രമുള്ള എമര്‍ജന്‍സി സേവനങ്ങളും ലഭിക്കും.
പുതിയ കാര്‍ഡ്, കാലാവധി തീര്‍ന്നത് പുതുക്കല്‍, നഷ്ടപ്പെട്ടതിന് പകരം കാര്‍ഡ് നല്‍കല്‍ എന്നിവക്കുള്ള മുഴുവന്‍ അപേക്ഷകളിലും സ്വദേശികള്‍ക്കും എമര്‍ജന്‍സി സേവനങ്ങള്‍ ലഭ്യമാകും. അതേ സമയം വിദേശികള്‍ക്ക് നഷ്ടപ്പെട്ട കാര്‍ഡിന്റെ പകരത്തിനുള്ള അപേക്ഷകള്‍ മാത്രമേ ഈ കേന്ദ്രങ്ങളില്‍ എമര്‍ജന്‍സി രൂപത്തില്‍ സ്വീകരിക്കപ്പെടുകയുള്ളു. പുതിയതായി തുറക്കുന്ന സേവന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 8.30 വരെയായിരിക്കും. കഴിഞ്ഞ വര്‍ഷം 91 ശതമാനം ഉപഭോക്തൃ സംതൃപ്തി അതോറിറ്റിയുടെ സേവനങ്ങള്‍ക്ക് ലഭിച്ചതായി സേവന കേന്ദ്രങ്ങളുടെ സങ്കേതിക വിഭാഗം തലവന്‍ നാസില്‍ അല്‍ അബ്ദൂലി പറഞ്ഞു.