പാമോലിന്‍ കേസ്: വി എസ് സുപ്രീംകോടതിയിലേക്ക്

Posted on: February 9, 2014 11:23 am | Last updated: February 10, 2014 at 11:11 am

vsതിരുവനന്തപുരം: പാമോലിന്‍ കേസ് തുടരാമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരെ വി എസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നും വി എസ് ആവശ്യപ്പെട്ടേക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ 24നാണ് പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതികളില്‍ പലരും ജീവിച്ചിരിപ്പില്ലെന്നും പാമോലിന്‍ ഇറക്കുമതിയില്‍ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നും കാണിച്ചായിരുന്നു കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഹര്‍ജി സാമൂഹിക നീതിക്കും പൊതുതാല്‍പര്യത്തിനും നിരക്കാത്തതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. ഇതിനെതിരെയാണ് വി എസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.