മാരുതി 800 ഇനി ചരിത്രം

Posted on: February 8, 2014 3:24 pm | Last updated: February 8, 2014 at 3:36 pm

maruti-800-blaze-blue
ഇന്ത്യക്കാരന്റെ വാഹനസ്വപ്‌നങ്ങള്‍ക്ക് മഴവില്‍ വര്‍ണം പകര്‍ന്ന മാരുതി 800 ഇനി ചരിത്രം. മൂന്ന് പതിറ്റാണ്ട് കാലം ഇന്ത്യന്‍ നിരത്തുകളില്‍ ചിറിപ്പാഞ്ഞ മാരുതി 800ന്റെ ഉത്പാദനം അവസാനിപ്പിച്ചതായി മാരുതി സുസുക്കി അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആധുനിക കാറുകള്‍ പുതുവെളിച്ചം തേടുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി 800ന് വിട ചൊല്ലുന്നതായി കമ്പനി ശനിയാഴ്ച പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ജനുവരി 18ന് ഗുഡ്ഗാവിലെ അസംബ്ലി യൂണിറ്റില്‍ നിന്ന് മാരുതി 800ന്റെ അവസാന ബാച്ച് പുറത്തിറങ്ങി. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്തതിനാല്‍ രാജ്യത്തെ 13 പ്രമുഖ മെട്രോ നഗരങ്ങളില്‍ മാരുതിയുടെ വില്‍പ്പന 2010ല്‍ തന്നെ അവസാനിപ്പിച്ചിരുന്നു. ഇതേ കാരണത്താല്‍ 800ന്റെ വില്‍പ്പന 2016ല്‍ അവസാനിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. 2004 വരെ മാരുതി 800 മുഖ്യധാരയില്‍ തന്നെ നിലനില്‍ക്കുകയും ചെയ്തു. ഇതിനകം മാരുതി 800ന്റെ 29,50,000 യൂനിറ്റുകള്‍ രാജ്യത്ത് വിറ്റഴിഞ്ഞിട്ടുണ്ട്.

Sanjay_Gandhi
മാരുതി 800ന്റെ വികസന ഘട്ടത്തില്‍ ആദ്യ മോഡലുകളില്‍ ഒന്ന് വിലയിരുത്തുന്ന സഞ്ജയ് ഗാന്ധി

പ്രീമിയര്‍ പത്മിനിയും സ്റ്റാന്‍ഡേര്‍ഡ് ഗസലും ഇന്ത്യന്‍ വിപണിയില്‍ അരങ്ങ് തകര്‍ത്തുവഴുന്ന 1983ലാണ് എല്ലാ ഇന്ത്യക്കാരനും ഒരു കാര്‍ എന്ന സ്വപ്നവുമായി മാരുതി സുസുക്കി 800 അവതരിപ്പിച്ചത്. 1983 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ഡല്‍ഹി സ്വദേശിയായ ഹര്‍പാല്‍ സിംഗിന് ആദ്യ കാറിന്റെ താക്കോല്‍ കൈമാറി. നറുക്കെടുപ്പിലൂടെയാണ് ഹര്‍പാല്‍ കാര്‍ സ്വന്തമാക്കിയത്. 47,500 രൂപയായിരുന്നു വില.

FIRST MARUTHI CAR
നറുക്കെടുപ്പിലൂടെ മാരുതി 800ന്റെ ആദ്യ കാര്‍ സ്വന്തമാക്കിയ ഡല്‍ഹി സ്വദേശി ഹര്‍പല്‍ സിംഗും ഗുല്‍ഷന്‍ഭീര്‍ കൗറും കാറിനൊപ്പം

തുടക്കത്തില്‍ 48,000 രൂപയായിരുന്നു മാരുതി 800ന്റെ വില. ഇപ്പോള്‍ അത് 2.35 ലക്ഷം രൂപയിലെത്തിനില്‍ക്കുന്നു. 796 സിസി പെട്രോള്‍ എന്‍ജിന്‍ മാരുതിക്ക് കരുത്ത് പകര്‍ന്നു. മൂന്ന് പതിറ്റാണ്ടിനിടയില്‍ രൂപത്തിലും ഭാവത്തിലും കാര്യമായ മാറ്റങ്ങളും വരുത്തിയിട്ടില്ല. 1986ല്‍ മാരുതി 800ന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചു. പിന്നീട് 1997 വരെ ആ മോഡല്‍ തുടര്‍ന്നു. 2002 ല്‍ എല്‍പിജി മോഡലും പുറത്തിറങ്ങി. ചെറുതും എയര്‍കണ്ടീഷന്‍ അടക്കമുള്ള സൗകര്യങ്ങളുമാണ് മാരുതിയിലേക്ക് ജനങ്ങളെ വേഗത്തില്‍ ആകര്‍ഷിച്ചത്.

ആദ്യമായി കാര്‍ അവതരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ സ്മരിക്കുന്നു. തുടക്കത്തില്‍ ഒരു ലക്ഷം യൂനിറ്റ് കാറാണ് പുറത്തിറക്കിയത്. ഇതില്‍ 40,000 എണ്ണം പോലും തികച്ച് വില്‍ക്കാനാകില്ലെന്ന് പലരും കളിയാക്കി. എന്നാല്‍ ബുക്കിംഗ് തുടങ്ങിയതോടെ ഇതെല്ലാം മാറിമറിഞ്ഞു. തുടക്കത്തില്‍ തന്നെ 1,25,000 കാറുകള്‍ക്കാണ് ബുക്കിംഗ് ലഭിച്ചത്. മാരുതിയെ മാരുതിയാക്കിയ കാറാണ് 800 – വികാരധീനനായി ഭാര്‍ഗവ തുടര്‍ന്നു.

ഉത്പാദനം നിര്‍ത്തിയെങ്കിലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് വിപണിയില്‍ ലഭ്യമാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സി വി രാമന്‍ അറിയിച്ചു.