നേരമിരുട്ടിയാല്‍ വീടണയാന്‍ ബസില്ല

Posted on: February 8, 2014 8:00 am | Last updated: February 8, 2014 at 8:37 am

മലപ്പുറം: നേരമിരുട്ടിയാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു.
രാത്രി എട്ട് മണികഴിഞ്ഞാല്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കും. ഇതോടെ രാത്രി യാത്ര ജനങ്ങള്‍ക്ക് ദുരിതയാത്രയായി മാറുകയാണ്. മലപ്പുറത്ത് നിന്ന് പരപ്പനങ്ങാടി, വേങ്ങര റൂട്ടുകളില്‍ രാത്രി എട്ട് മണിക്ക് ശേഷം മൂന്ന് ബസുകളുണ്ടെങ്കിലും ഇവയൊന്നും ഈ സമയം സര്‍വീസ് നടത്തുന്നേയില്ല.
പകല്‍ സമയങ്ങളില്‍ നിരത്തുകളില്‍ കാണുന്ന ബസുകള്‍ രാത്രിയാകുമ്പോഴേക്ക് സര്‍വീസ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കുന്നത്. മഞ്ചേരി, പെരിന്തല്‍ണ്ണ, മലപ്പുറം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും ആശുപത്രികളില്‍ പോയി മടങ്ങുന്നവരും വിദൂര യാത്ര കഴിഞ്ഞ് എത്തുന്നവരുമെല്ലാം ബസില്ലാതെ നട്ടംതിരിയുന്നത് നിത്യകാഴ്ചയാണ്. ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രക്കാരും രാത്രി ബസ് സര്‍വീസില്ലാത്തതിനാല്‍ വലയുകയാണ്.
മഞ്ചേരി-കോഴിക്കോട് റൂട്ടിലും രാത്രി യാത്രാ പ്രശ്‌നം രൂക്ഷമാണ്. യാത്രാ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ല. രാത്രി സര്‍വീസ് റദ്ദാക്കുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പരിശോധന നടത്താന്‍ പോലും തയ്യാറായിട്ടില്ല. യാത്രക്കാരില്ലാത്തതാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമായി ബസ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ നഷ്ടത്തിന്റെ പേരില്‍ സര്‍വീസ് റദ്ദാക്കുന്നത് കടുത്ത വഞ്ചനയാണെന്നാണ് യാത്രക്കാരുടെ പക്ഷം. കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന ടി ടി സര്‍വീസുകളില്‍ ചിലത് മഞ്ചേരി വഴി തിരിച്ചുവിട്ടാല്‍ ഒരു പരിധിവരെയെങ്കിലും യാത്രാക്ലേശം പരിഹരിക്കാവുന്നതാണ്.
നിലമ്പൂരില്‍ നിന്ന് വണ്ടൂര്‍, പാണ്ടിക്കാട് വഴി സര്‍വീസ് നടത്തുന്ന തെക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഏതാനും ബസുകള്‍ മഞ്ചേരി വഴി തിരിച്ചുവിടുന്നതും യാത്രക്കാര്‍ക്ക് സഹായകമായിരിക്കും. ബസ് ലഭിക്കാതെ കുഴങ്ങുന്ന യാത്രക്കാര്‍ക്ക് പിന്നീട് ഓട്ടോറിക്ഷകളെ ആശ്രയിക്കുകയാണ് വഴിയുള്ളത്. ഇതാകട്ടെ, യാത്രക്കാര്‍ക്ക് ഇരുട്ടടിയാവുകയും ചെയ്യുന്നു. രാത്രി യാത്രയെന്ന പേരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഇരട്ടിചാര്‍ജാണ് ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇത് പലപ്പോഴും വാക്കേറ്റങ്ങള്‍ക്കും ഇടയാക്കാറുണ്ട്. സര്‍വീസ് റദ്ദാക്കുന്ന സ്വകാര്യ ബസ് ഉടമകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.