ലോകക്കപ്പില്‍ തടിയന്‍ ആരാധകര്‍ക്ക് തടിയന്‍ ഇരിപ്പിടങ്ങള്‍

Posted on: February 8, 2014 5:54 am | Last updated: February 8, 2014 at 4:57 am

fat seats

റിയോഡി ജനീറോ: ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന ഫുട്ബാള്‍ ലോകക്കപ്പില്‍ കാണികള്‍ക്ക് പരമാവധി സൗകര്യം ചെയ്ത് സംഘാടകര്‍. അമിത വണ്ണമുള്ള ആരാധകര്‍ക്ക് വീതിയുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുകയാണ് സ്റ്റേഡിയം നിര്‍മാണ കമ്പനി. സാധാരണ സീറ്റുകളില്‍ ഇരിക്കാന്‍ കഴിയാത്തത്ര തടിയുള്ള ആരാധകര്‍ക്കായിരിക്കും ഈ സീറ്റ് ഉപയോഗിക്കാന്‍ സൗകര്യം ലഭിക്കുക. ഇത്തരത്തിലുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. ബോഡി മാസ് ഇന്‍ഡക്‌സ് 30ല്‍ കൂടുതലുള്ളവര്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. എന്നാല്‍ ഭാരം തെളിയിക്കുന്നതിന് ഡോക്ടറുടെ കുറിപ്പ് വേണമെന്ന് മാത്രം.

പുതുതായി നിര്‍മിച്ച സ്റ്റേഡിയത്തിലും നിലവിലുള്ള സ്റ്റേഡിയത്തിലും ഇത്തരം ഇരിപ്പിടങ്ങള്‍ സ്ഥാപിക്കും. വൈകല്യമുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്ന നിയമം ബ്രസീല്‍ സര്‍ക്കാര്‍ പാസ്സാക്കിയിരുന്നു. ഇതില്‍ അമിത വണ്ണമുള്ളവരെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സൗകര്യം ബ്രസീല്‍ പൗരന്‍മാര്‍ക്ക് മാത്രമാണോ ലഭിക്കുക എന്ന് വ്യക്തമല്ല.