Connect with us

Kerala

സി ബി ഐ അന്വേഷണത്തിന് തത്വത്തില്‍ ധാരണ; രമ നിരാഹാരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ ഗൂഢാലോചന സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ കേസ് സി ബി ഐക്ക് വിടും. ഇതോടെ, അഞ്ച് ദിവസമായി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം പിന്‍വലിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍ നല്‍കിയ നാരങ്ങാനീര് കുടിച്ചാണ് രമ സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന്, രമയെ ആശുപത്രിയിലേക്ക് മാറ്റി. സി ബി ഐ അന്വേഷണം സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് സര്‍ക്കാര്‍ സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും രമയുടെ സമരം തുടരുന്നത് പ്രശ്‌നം വഷളാക്കുമെന്ന് കണ്ടതോടെ തത്വത്തില്‍ തീരുമാനമെടുത്ത് ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ ആര്‍ എം പി നേതാക്കള്‍ യോഗം ചേര്‍ന്ന് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു.
യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്ന കേസുകളിലെല്ലാം ഇരകള്‍ക്ക് അനുകൂലമായ തീരുമാനമാണെടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന് പിടിവാശിയൊന്നുമില്ല. പോലീസ് അന്വേഷണ ഘട്ടത്തില്‍ തന്നെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ വിചാരണ കഴിയട്ടെയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നടപടിക്രമങ്ങളും എല്ലാനിയമവശങ്ങളും പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായാണ് പ്രവര്‍ത്തിച്ചത്. ഈ കൊലപാതകം അവസാനത്തെ സംഭവമാകണമെന്നാണ് സര്‍ക്കാറിന്റെ താത്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി എസ് അച്യുതാനന്ദന്റെ കത്ത് പ്രതിപക്ഷത്തിന്റെ ആവശ്യമായി പരിഗണിച്ച് കൂടിയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിശദീകരിച്ചു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സി ബി ഐ ആന്വേഷണം ആവശ്യപ്പെട്ട എല്ലാ കേസുകളും സി ബി ഐക്ക് കൈമാറിയിട്ടുണ്ട്. കണ്ണൂരിലെ ഫസല്‍, അരിയില്‍ ഷുക്കൂര്‍ വധക്കേസുകള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ടി പി കേസില്‍ സര്‍ക്കാറിന് ഒട്ടേറെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ സര്‍ക്കാറിന് മുന്നോട്ട് പോകാനാകൂവെന്ന് ആഭ്യന്തരമന്ത്രിയും പറഞ്ഞു. സമരം അവസാനിപ്പിക്കുന്ന കാര്യം ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവാണ് സമരപ്പന്തലില്‍ പ്രഖ്യാപിച്ചത്.
സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം മന്ത്രിസഭാ യോഗം അംഗീകരിച്ചതിനാലാണ് അഞ്ച് ദിവസം നീണ്ട രമയുടെ നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്ന് വേണു മാധ്യമങ്ങളോട് പറഞ്ഞു. സാങ്കേതികമായും നിയമപരമായും ഉള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വളരെ വേഗം സി ബി ഐ അന്വേഷണം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് വേണു പറഞ്ഞു.
സര്‍ക്കാറിന്റെ നിലപാട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എം പി വീരേന്ദ്രകുമാര്‍ സമരപ്പന്തലിലെത്തി ആര്‍ എം പി നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് വിഷയം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്തിനാണ് രമ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. നാല് ദിവസത്തിനും മൂന്ന് മണിക്കൂറിനും ശേഷമാണ് രമ സമരം അവസാനിപ്പിച്ചത്. രമയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ തീരുമാനം പെട്ടെന്നുണ്ടാകാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമായിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ചക്കെടുത്തത്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കാനും ആര്‍ എം പി തീരുമാനിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നല്‍കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുത്ത ശേഷം വൈകിട്ടോടെ രമയും ആര്‍ എം പി പ്രവര്‍ത്തകരും ഒഞ്ചിയത്തേക്ക് മടങ്ങും.