ഇന്ത്യ ബാക്ക് ഫൂട്ടില്‍

Posted on: February 8, 2014 1:32 am | Last updated: February 8, 2014 at 1:32 am

rohit sharma

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ ബാക്ക് ഫൂട്ടില്‍. ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മെക്കല്ലത്തിന്റെ ഇരട്ടസെഞ്ച്വറി (224)യുടെ ബലത്തില്‍ ന്യൂസിലാന്‍ഡ് 503 റണ്‍സിന് ആള്‍ ഔട്ടായപ്പോള്‍ മറുപടി ആരംഭിച്ച ഇന്ത്യക്ക് 130 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും നാല് മുന്‍നിരക്കാരെ നഷ്ടമായി. വെളിച്ചക്കുറവ് കാരണം മത്സരം നിര്‍ത്തുമ്പോള്‍ 67 റണ്‍സോടെ രോഹിത് ശര്‍മയും 23 റണ്‍സോടെ അജിങ്ക്യ രഹാനെയും ക്രീസിലുണ്ട്.
ശിഖര്‍ ധവാന്‍ (0), മുരളി വിജയ് (26), ചേതേശ്വര്‍ പുജാര (1), വിരാട് കോഹ്‌ലി (4) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്.
രോഹി-രഹാ സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കിയില്ലെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലാകും. ആറ് വിക്കറ്റുകള്‍ കൈയ്യിലിരിക്കെ 373 റണ്‍സ് പിറകിലാണിപ്പോള്‍ ഇന്ത്യ. ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കാന്‍ 174 റണ്‍സ് കൂടി ചേര്‍ക്കണം.
കാന്‍ വില്യംസണൊപ്പം സെഞ്ച്വറിയോടെ ആദ്യ ദിനം തിളങ്ങിയ കിവീസ് ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മെക്കല്ലം കരിയറിലെ രണ്ടാം ഇരട്ട ശതകം പൂര്‍ത്തിയാക്കിയാണ് ക്രീസ് വിട്ടത്. 307 പന്തുകള്‍ നേരിട്ട മെക്കല്ലം 29 ഫോറുകളും അഞ്ച് സിക്‌സറുകളും നേടി. 72.96 സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തിയ മെക്കല്ലം സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. ഇഷാന്ത് ശര്‍മയുടെ പന്തില്‍ രവീന്ദ്ര ജഡേജ ക്യാച്ചെടുത്താണ് മെക്കല്ലത്തിന്റെ ഇന്നിംഗ്‌സിന് പരിസമാപ്തിയായത്.
ഏകദിന ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിക്കുടമയായ കോറെ ആന്‍ഡേഴ്‌സന്‍ 77 റണ്‍സില്‍ പുറത്തായത് ഇന്ത്യയുടെ ഭാഗ്യം. 109 പന്തുകള്‍ നേരിട്ട ആന്‍ഡേഴ്‌സന്‍ പതിമൂന്ന് ഫോറുകളും ഒരു സിക്‌സറുമായി ഫോമിലേക്കുയര്‍ന്നിരുന്നു. എന്നാല്‍, ഇഷാന്ത് ശര്‍മയുടെ പന്തില്‍ ജഡ്ജ്‌മെന്റ് തെറ്റ് എല്‍ ബി ഡബ്ല്യു ആയി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വാട്‌ലിംഗ് ഒരു റണ്‍സിന് പുറത്തായപ്പോള്‍ ടിം സൗത്തി 21 പന്തില്‍ 28 റണ്‍സടിച്ചാണ് മടങ്ങിയത്. ഒമ്പതാമന്‍ ഇഷ് സോദിയും (27 പന്തില്‍ 23) മികച്ച പ്രകടനം പുറത്തെടുത്തു. സൗത്തിയെ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ സോദിയെ ഇഷാന്ത് ശര്‍മ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. വാഗ്നറെ (0) പുറത്താക്കി രവീന്ദ്ര ജഡേജ തന്റെ ഏക വിക്കറ്റ് സ്വന്തമാക്കി. ആറ് വിക്കറ്റുകള്‍ വീഴ്ത്തി ഇഷാന്ത് ശര്‍മ മികച്ച തിരിച്ചുവരവ് നടത്തി. ആദ്യ ദിനത്തെ അപേക്ഷിച്ച് ഇന്നലെ ഇഷാന്തിന് സ്ഥിരത നഷ്ടപ്പെട്ടത് ധാരാളം റണ്‍സ് വഴങ്ങാന്‍ ഇടയാക്കി.

newzealand
സഹീര്‍ഖാനും മുഹമ്മദ് ഷമിയും തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ സ്പിന്നര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനവും ആശാവഹമല്ല.
ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ വീഴ്ച പരിഹരിക്കാതെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരക്കിറങ്ങിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് ലൈനപ്പിന്റെ പരാജയം. ഓപണര്‍ ശിഖര്‍ ധവാന്‍ മൂന്ന് പന്തുകള്‍ മാത്രമേ ക്രീസില്‍ ചെലവഴിച്ചുള്ളൂ. പൂജ്യത്തിന് മടങ്ങി. ട്രെന്‍ഡ് ബൗള്‍ട്ടിന്റെ പന്തില്‍ വില്യംസണ് ക്യാച്ചാവുകയായിരുന്നു. പത്തോവര്‍ എറിഞ്ഞ ബൗള്‍ഡ് ഇരുപത് റണ്‍സ് മാത്രമാണ് വഴങ്ങിയത്.
നിലയുറപ്പിച്ചാല്‍ വിക്കറ്റെടുക്കാന്‍ പ്രയാസമുള്ള ചേതേശ്വര്‍ പുജാരയെയും ബൗള്‍ട്ട് മടക്കി. പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ തുടക്കത്തിലേ സമ്മര്‍ദത്തിലാഴ്ത്തുമെന്ന് ഭീഷണിമുഴക്കിയ ബൗള്‍ട്ട് സമര്‍ത്ഥമായാണ് പന്തെറിഞ്ഞത്. ടിം സൗത്തി മികച്ച പിന്തുണ നല്‍കുക കൂടി ചെയ്തതോടെ ഇന്ത്യക്കാര്‍ക്ക് ഉത്തരം മുട്ടി. അറുപത് പന്തുകള്‍ കഠിനാധ്വാനം ചെയ്ത് ക്രീസില്‍ നിന്ന മുരളി വിജയുടെ വിക്കറ്റ് തെറുപ്പിച്ച് നീല്‍ വാഗ്നറും രംഗപ്രവേശം ചെയ്തതാണ് അവസാന കാഴ്ച. വിരാട് കോഹ്‌ലിയുടെ വിക്കറ്റ് സൗത്തിക്കാണ്. പത്ത് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ നിന്ന് രോഹിത് ശര്‍മയും മുരളിയും ചേര്‍ന്ന് ടീം സ്‌കോര്‍ അര്‍ധശതകം കടത്തി.