പീഡന ആരോപണം; കാശ്മീര്‍ മന്ത്രി രാജിവെച്ചു

Posted on: February 8, 2014 1:36 am | Last updated: February 7, 2014 at 11:38 pm

shabeer ahmedശ്രീനഗര്‍: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ ആരോഗ്യ സഹമന്ത്രി ശബീര്‍ അഹ്മദ് ഖാന്‍ രാജിവെച്ചു. മന്ത്രിയുടെ രാജിക്കത്ത് ലഭിച്ചുവെന്നും അംഗീകരിക്കുന്നതിനായി ഗവര്‍ണര്‍ക്ക് അയച്ചുവെന്നും മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. രജൗരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയാണ് അഹ്മദ് ഖാന്‍. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മന്ത്രിസഭയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ശ്രീനഗറിലെ സെക്രട്ടേറിയറ്റില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ വ്യാഴാഴ്ചയാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്. മന്ത്രിയോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടനെ തന്നെ അറസ്റ്റ് ഉണ്ടായേക്കും. കഴിഞ്ഞ ഒരാഴ്ചയായി മന്ത്രിയുടെ ഓഫീസില്‍ നിന്ന് തനിക്ക് നിരന്തരം ഫോണ്‍ വിളി വന്നുകൊണ്ടിരുന്നുവെന്ന് ഡോക്ടര്‍ ആരോപിച്ചു.
ജോലി ചെയ്യുന്ന ആശുപത്രി കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് സന്ദര്‍ശിച്ചപ്പോള്‍ എന്തെല്ലാം പ്രഖ്യാപനങ്ങളാണ് നടത്തിയതെന്ന് ആരായാനാണ് വിളിച്ചതെന്ന് മന്ത്രി പറഞ്ഞതായി ഡോക്ടര്‍ അവകാശപ്പെട്ടു. കേന്ദ്ര മന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ എന്തെല്ലാമാണെന്നറിയാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതാണ് നല്ലതെന്ന് താന്‍ പറഞ്ഞുവെന്ന് ഡോക്ടര്‍ വിശദീകരിച്ചു. പക്ഷേ തന്നോട് ജനുവരി 28ന് മന്ത്രിയുടെ ഓഫീസിലെത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ അയാള്‍ കാമവെറിയനെ പോലെയാണ് കാണപ്പെട്ടത്. അതിനിടയില്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തുവെന്ന് ഡോക്ടര്‍ ആരോപിച്ചു. താന്‍ എതിര്‍ത്തുനിന്നിട്ടും മന്ത്രി തനിക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയെന്നും ഡോക്ടര്‍ പറഞ്ഞു.