അധ്യാപകന്റെ വീടിന് അജ്ഞാതര്‍ തീയിട്ടു

Posted on: February 7, 2014 4:53 pm | Last updated: February 7, 2014 at 4:53 pm

താമരശ്ശേരി: അധ്യാപകന്റെ വീടിന് അര്‍ധരാത്രി തീ കൊളുത്തി. പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കാളംപറമ്പില്‍ ജോബി ജോസിന്റെ വെസ്റ്റ് പുതുപ്പാടിയിലെ വീടിന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരക്കും മൂന്നിനും ഇടയിലാണ് അജ്ഞാതര്‍ തീ കൊളുത്തിയത്.
യാത്രക്കാരുടെ ഇടപെടല്‍ കാരണമാണ് വന്‍ ദുരന്തം വഴിമാറിയത്. ഉണക്കാനിട്ടിരുന്ന കൊപ്ര, പ്ലാസ്റ്റിക് ഷീറ്റ്, കൊട്ട എന്നിവ വാതിലിനരികില്‍ കൂട്ടിയിട്ടാണ് തീ കൊളുത്തിയത്. വീടിന്റെ ചുമര്‍ വൃത്തി കേടാക്കിയ ശേഷമായിരുന്നു തീ കൊളുത്തല്‍. ദേശീയപാതയിലൂടെ പോകുകയായിരുന്ന ചരക്കുലോറിക്കാരാണ് വീട്ടില്‍ നിന്ന് തീ പടരുന്നതായി കണ്ടെത്തിയത്.
വീട്ടില്‍ ആളില്ലെന്ന് കരുതി അടിവാരത്തേക്കു പോകുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ സഹായത്തോടെ സമീപവാസികളെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഇതിനിടെ തീ വീടിനുള്ളിലേക്ക് പടര്‍ന്നെങ്കിലും ജോബി ജോസും കുടുംബവും നാട്ടുകാരുടെ സഹായത്തോടെ പുറത്തുകടന്നു. മുന്‍ഭാഗത്തെ വാതിലും ജനലും കത്തിനശിച്ചു.
സ്‌കൂളില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ പുറമെ നിന്നുള്ളവര്‍ ഇടപെടുകയും സംഭവത്തില്‍ അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസിലെ നാലാം പ്രതി ബുധനാഴ്ച റിമാന്‍ഡിലായതിനു പിന്നാലെയാണ് അധ്യാപകന്റെ വീടിനുനേരെ അക്രമം നടന്നത്.
സ്‌കൂളിലെ അതിക്രമത്തിന്റെ തുടര്‍ച്ചയാണ് തീവെപ്പെന്ന് സംശയിക്കുന്നതായി ജോബി ജോസ് പറഞ്ഞു. താമരശ്ശേരി സി ഐ. പി ബിജുരാജ് സ്ഥലത്തെത്തി പരിശോധിച്ചു. വിരലടയാള വിദഗ്ധരും തെളിവെടുത്തിട്ടുണ്ട്. സയന്റിഫിക് അസിസ്റ്റന്റ് ഇന്ന് സ്ഥലം പരിശോധിക്കും. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.