Connect with us

National

നഗ്നചിത്രം സാമൂഹിക സന്ദേശം നല്‍കുന്നതെങ്കില്‍ അശ്ലീലമല്ല: സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സാമൂഹികമായ സന്ദേശം നല്‍കുന്ന തരത്തിലുള്ളതാണെങ്കില്‍ നഗ്നയായ സ്ത്രീയുടെ ചിത്രം പ്രസിദ്ദീകരിക്കുന്നത് സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നത് തടയുന്ന ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കുറ്റകരമാണെന്ന് പറാനാകില്ലെന്ന് സുപ്രിം കോടതി. അര്‍ധനഗ്നയോ പൂര്‍ണ നഗ്നയോ ആയ സ്ത്രീയുടെ ചിത്രം പ്രസിദ്ദീകരിച്ചു എന്നത് കൊണ്ട് മാത്രം അത് അശ്ലീലമാണെന്ന് പറയാനാകില്ല. ആ ചിത്രം പ്രസിദ്ധീകരിച്ച സാഹചര്യവും അത് നല്‍കുന്ന സന്ദേശവുംകൂടി പരിഗണിക്കണം. സാമൂഹിക സന്ദേശം നല്‍കുന്നതാണ് ചിത്രമെങ്കില്‍ അത് അശ്ലീലമാണെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, എ കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

ആനന്ദബസാര്‍ പത്രിക, സ്‌പോര്‍ട്‌സ് വേള്‍ഡ് എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കെതിരായ വെസ്റ്റ് ബംഗാള്‍ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ടെന്നീസ് താരം ബോറിസ് ബെക്കര്‍ കറുത്ത നിറമുള്ള നടിയുമൊത്ത് നഗ്നയായി നില്‍ക്കുന്ന ചിത്രം ഇരു പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചിരുന്നു. ഇതാണ് കേസിന് ആധാരം. വര്‍ഗവിവേചനത്തിന് എതിരായ സന്ദേശമാണ് ചിത്രങ്ങള്‍ നല്‍കുന്നത് എന്നാണ് ഇരു സ്ഥാപനങ്ങളും കോടതിയില്‍ വാദിച്ചത്. ഇത് സുപ്രിം കോടതി ശരിവെക്കുകയായിരുന്നു. ചിത്രത്തില്‍ ടെന്നീസ് താരം നടിയുടെ മാറിടം മറച്ചുപിടിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.