വൈദ്യര്‍ മഹോത്സവം 14 മുതല്‍ 23 വരെ

Posted on: February 7, 2014 12:33 am | Last updated: February 8, 2014 at 2:13 am

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം ഈ മാസം 14 മുതല്‍ 23 വരെ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, പി കെ അബ്ദുര്‍റബ്ബ്, എ പി അനില്‍ കുമാര്‍, വി കെ ഇബ്‌റാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി, ഡോ. എം കെ മുനീര്‍ എന്നിവര്‍ പങ്കെടുക്കും.ചിത്ര രചനാ മത്സരം, എക്‌സിബിഷന്‍, പുസ്തക മേള, മാപ്പിള ജീവിതം പ്രതിഫലിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവെല്‍, അക്കാദമിയിലെ മാപ്പിളപ്പാട്ട് കോഴ്‌സിലെ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം എന്നിവയും നടക്കും. മാപ്പിളപ്പാട്ട് രചനാ മത്സവും ആലാപന മത്സരവും മഹോത്സവത്തിന്റെ ഭാഗമായി നടക്കും. പത്ത് വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും.അറബി മലയാളം: ഗവേഷണം – സാധ്യതകളും വെല്ലുവിളികളും, ന്യൂനപക്ഷ പൈതൃകവും സ്വത്വബോധവും, കിസ്സപ്പാട്ട് – ചരിത്രത്തത്തിന്റെ ജനകീയ വത്കരണം തുടങ്ങിയ ദേശീയ സെമിനാറുകള്‍, മാപ്പിളപ്പാട്ട് കവിയരങ്ങ്, വൈദ്യര്‍ അനുസ്മരണ പ്രഭാഷണം, കിസ്സപ്പാട്ട് പാടിപ്പറയല്‍, മാപ്പിള കലകളുടെ അവതരണം, പ്രൊഫഷനല്‍ മാപ്പിളപ്പാട്ട് ഗായകരുടെ മത്സരം എന്നിവയും നടക്കും.