Connect with us

International

താലിബാനും പാക് സര്‍ക്കാറും തമ്മില്‍ സമാധാന ചര്‍ച്ച തുടങ്ങി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിനിധികളും താലിബാന്‍ നേതാക്കളും സമാധാന ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ച നടക്കുന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. ദശകങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള രൂപരേഖയും ചര്‍ച്ചയില്‍ ഉരുത്തിരിയുമെന്നാണ് കരുതുന്നത്.
സര്‍ക്കാര്‍ തുറന്ന മനസ്സോടെയാണ് ചര്‍ച്ചയെ സമീപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2007 മുതലാണ് തഹ്‌രീക്കെ താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) പാക്കിസ്ഥാനില്‍ ആക്രമണം ശക്തമാക്കിയത്.
മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയുടെ ആദ്യ ഘട്ടം അവസാനിച്ചിട്ടുണ്ട്. സൈന്യവും തീവ്രവാദികളും തമ്മിലുള്ള ശക്തമായ ആക്രമണത്തിന് ശേഷം കഴിഞ്ഞ ആഴ്ചയിലാണ് താലിബാന് ചര്‍ച്ചക്ക് അവസരം കൊടുത്ത് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രഖ്യാപനം നടത്തിയത്.
ജനുവരിയില്‍ രാജ്യത്തുടനീളം സൈനികരുള്‍പ്പെടെ നൂറോളം പേര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുറന്ന മനസ്സോടെയാണ് ചര്‍ച്ചക്കിരിക്കുന്നതെന്ന് ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ പ്രതിനിധി ഇര്‍ഫാന്‍ സിദ്ദീഖി പറഞ്ഞു. സൗഹൃദപരമായിട്ടാണ് ചര്‍ച്ച മുന്നോട്ടുപോകുന്നതെന്ന് ചര്‍ച്ചയില്‍ നിന്നുള്ള സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. താലിബാന്‍ സംഘടനകളിലെ ചില വിഭാഗങ്ങള്‍ ചര്‍ച്ചയോട് പുറംതിരിഞ്ഞ് നില്‍ക്കുന്നവരുമുണ്ട്.

Latest