അനധികൃത കുടിയേറ്റക്കാരെ ഇറ്റലി രക്ഷപ്പെടുത്തി

Posted on: February 7, 2014 12:27 am | Last updated: February 7, 2014 at 12:27 am

റോം: കാറ്റ് നിറച്ച റബ്ബര്‍ ബോട്ടില്‍ അനധികൃതമായെത്തിയ 1,123 വടക്കന്‍ ആഫ്രിക്കക്കാരെ ഇറ്റാലിയന്‍ നേവി രക്ഷപ്പെടുത്തി. എട്ടു ബോട്ടുകളിലായി സഞ്ചരിക്കുകയായിരുന്ന ഇവരെ ലാമ്പിഡുസക്ക് 120 മൈല്‍ അകലെ കടലിലാണ് കണ്ടെത്തിയത്. ബോട്ടുകളിലുണ്ടായിരുന്ന 47 സ്ത്രീകളില്‍ നാല് പേര്‍ ഗര്‍ഭിണികളാണ്. 50 കുട്ടികളും ബോട്ടിലുണ്ടായിരുന്നു.
വടക്കന്‍ ആഫ്രിക്കയിലെ സ്പാനിഷ് ഭൂപ്രദേശമായ സിയൂറ്റയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഏഴോളം കുടിയേറ്റക്കാര്‍ മുങ്ങിപ്പോയിട്ടുണ്ട്. മൊറോകോ ബീച്ചിന് സമീപത്തായി ആറ് പുരുഷന്‍മാരുടേയും ഒരു സ്ത്രീയുടേയും കണ്ടെത്തിയിട്ടുണ്ട്. സ്പാനിഷ് മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ച 400 അംഗ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചവര്‍.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്ത് പ്രാവശ്യമായി 2000ത്തോളം കുടിയേറ്റക്കാര്‍ ഇറ്റാലിയന്‍ തീരത്തണഞ്ഞിരുന്നു. ബുധനാഴ്ച ബോട്ടില്‍ കണ്ടെത്തിയവരെ ഇറ്റാലിയന്‍ നാവിസേനയുടെ കപ്പലില്‍ സുരക്ഷിതമായി തീരത്തെത്തിക്കുകയായിരുന്നു.
2012 മുതല്‍ കടല്‍ മാര്‍ഗം 42,925 കുടിയേറ്റക്കാര്‍ അനധികൃതമായി എത്തിയതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ പറഞ്ഞു. കുടിയേറ്റ ശ്രമത്തിനിടെ കടലില്‍ മുങ്ങിപ്പോയവരെക്കുറിച്ചുള്ള യഥാര്‍ഥ കണക്കുകള്‍ ലഭ്യമല്ല. ഒക്‌ടോബറില്‍ ലാമ്പിഡുസക്ക് സമീപം കപ്പല്‍ മുങ്ങി 400ലേറെപ്പേര്‍ മരിച്ചിരുന്നു. കുടിയേറ്റക്കാരെ രക്ഷിക്കാനായി നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും ശ്രമം തുടരുകയാണ്.