സോചി ഒളിംമ്പിക്‌സിന് തീവ്രവാദ ഭീഷണിയെന്ന് യു എസ്‌

Posted on: February 7, 2014 1:25 am | Last updated: February 7, 2014 at 12:26 am

imagesവാഷിംഗ്ടണ്‍: സോചിയില്‍ ഇന്ന് തുടങ്ങുന്ന ശീതകാല ഒളിമ്പിക്‌സിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് യു എസ്. ടൂത്ത് പേസ്റ്റെന്ന വ്യാജേന വിമാനങ്ങളില്‍ ബോംബ് കടത്താനുള്ള സാധ്യതയുണ്ടെന്ന് യു എസ് മുന്നറിയിപ്പ് നല്‍കി.
തിരിച്ചറിയാനാകാത്ത വിധത്തിലായിരിക്കും തീവ്രവാദികള്‍ ബോംബ് കൈകാര്യം ചെയ്യുക. റഷ്യയില്‍ നിന്നുള്ള വിമാനങ്ങളിലായിരിക്കും തീവ്രവാദികളുടെ ഓപറേഷന്‍. ഇതേക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് യു എസ് ഏജന്‍സികള്‍ അമേരിക്കന്‍ വിമാന കമ്പനികള്‍ക്കും വിദേശ വിമാനകമ്പനികള്‍ക്കും നല്‍കിയിട്ടുണ്ട്. സുരക്ഷക്കായി യു എസിന്റെ രണ്ട് പടക്കപ്പലുകള്‍ ചാവുകടലിലെത്തിയിട്ടുണ്ട്.
തീവ്രവാദികളുടെ പ്രവര്‍ത്തന രീതിയെകുറിച്ച് ലഭ്യമായ വിവരങ്ങള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. അതേസമയം തീവ്രവാദികള്‍ ഏതൊക്കെ വിധത്തില്‍ ഭീഷണി ഉയര്‍ത്തുമെന്ന് വ്യക്തമല്ല. എന്നിരുന്നാലും എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചു വരികയാണ്.
ചെറിയ സംശയങ്ങള്‍ പോലും വിശദമായി പരിശോധിക്കുന്നുണ്ട്. പ്രത്യക്ഷവും പരോക്ഷവുമായി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള ശക്തമായി നടപടികള്‍ ആവശ്യമാണെന്നും യു എസ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് മുതല്‍ ഈ മാസം 23 വരെ നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ ചാവേര്‍ ആക്രമണം ഉണ്ടായേക്കുമോയെന്ന ആശങ്കയും യുഎസിനുണ്ട്. റഷ്യന്‍ നഗരമായ വോള്‍ഗോഗ്രാഡിലുണ്ടായ ചാവേര്‍ ബോംബ് ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. സമാന രീതിയിലുള്ള ആക്രമണം ഉണ്ടാകുമോയെന്നാണ് ആശങ്ക. അതേസമയം വളരെ വിപുലമായ സുരക്ഷാ സംവിധാനമാണ് യു എസ് ഒളിംപിക്‌സിനായി ഒരുക്കിയിരിക്കുന്നത്.
സോചി ഒളിമ്പിക്‌സിന്റെ സുരക്ഷാ ഭീഷണിയെ കുറിച്ച് യു എസ് ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ബുള്ളറ്റിന്‍ ഇറക്കിയത്. വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൗണ്‍സിലും മുന്നറിയിപ്പുമായി രംഗത്തുണ്ട്. സോചിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. സോചി ഒളിമ്പിക്‌സ് നിര്‍ത്തിവെച്ചില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് തീവ്രവാദ സംഘടനകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.