തഹസില്‍ദാര്‍ക്ക് അയച്ച കത്ത് കിട്ടിയത് സ്വകാര്യ വ്യക്തിക്ക്‌

Posted on: February 6, 2014 11:48 am | Last updated: February 6, 2014 at 11:48 am

പട്ടാമ്പി: പോസ്റ്റല്‍ വകുപ്പിന്റെ അശ്രദ്ധ മൂലം ഒറ്റപ്പാലം തഹസില്‍ദാര്‍ പട്ടാമ്പി തഹസില്‍ദാര്‍ക്ക് അയച്ച കത്ത് കിട്ടിയത് ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മരുതൂര്‍ പുവ്വക്കോട് ഉള്ളാടന്‍തൊടി ശങ്കരനാരായണന്റെ വീട്ടില്‍.
പട്ടാമ്പി താലൂക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ തഹസില്‍ദാരുടെ കീഴിലുള്ള കാര്യാലയത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ എത്രയും വേഗം അറിയിക്കണമെന്നവാശ്യപ്പെട്ട് ഒറ്റപ്പാലം തഹസില്‍ദാര്‍ പട്ടാമ്പി തഹസില്‍ദാര്‍ക്ക് അയച്ച കത്താണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധക്കുറവ് മൂലം പട്ടാമ്പി തഹസില്‍ദാര്‍ക്ക് ലഭിക്കാതിരുന്നത്.
ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍നിന്ന് കഴിഞ്ഞ ഡിസംമ്പര്‍ 31ന് സാധാരണ തപാലിലാണ് കത്ത് അയച്ചത്. 23ന് താലൂക്ക് ഉദ്ഘാടനം നടന്നതായും, ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റപ്പാലം താലൂക്കില്‍നിന്ന് ജീവനക്കാരെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ പട്ടാമ്പി താലൂക്ക് ഓഫീസിലേക്ക് നിയമിച്ചതായി അറിയിക്കുന്ന കത്തില്‍ പട്ടാമ്പി താലൂക്കില്‍ ഉള്‍പ്പെടുന്ന വില്ലേജുകളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. കെട്ടിട നികുതി, റവന്യു റിക്കവറി, എസ്റ്റാബ്ലിഷ്‌മെന്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പെട്ടെന്ന് മാറ്റാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നതാണ് കത്ത്. ഒറ്റപ്പാലം എല്‍ ഐ സി ഓഫീസില്‍നിന്ന് ശങ്കരനാരായണന് കഴിഞ്ഞ ദിവസം അയച്ച കവറിനകത്ത് നിന്നാണ് കത്ത് കിട്ടിയതെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.
തഹസില്‍ദാരുടെ കത്ത് ശങ്കരനാരായണനുള്ള എല്‍ ഐ സി കത്തിനകത്ത് എങ്ങിനെ കയറിക്കൂടി എന്ന് വ്യക്തമല്ല. എല്‍ ഐ സി കത്തിനകത്ത് താലൂക്ക് ഓഫീസിലെ കത്ത് കയറിക്കൂടിയത് ഒറ്റപ്പാലം പോസ്റ്റ് ഓഫീസില്‍നിന്നാകാനാണ് സാധ്യത. തനിക്ക് തഹസില്‍ദാരുടെ ഓഫീസില്‍നിന്ന് വന്ന കത്ത് എന്താണെന്നും, എന്തിനാണെന്നും ശങ്കരനാരായണന് പിടികിട്ടിയില്ല.
പട്ടാമ്പിയില്‍ താലൂക്ക് തുടങ്ങിയെങ്കിലും താലൂക്കിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായ രീതിയിലായില്ലെന്ന പരാതിനിലനില്‍ക്കുമ്പോഴാണ് താലൂക്ക് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഒറ്റപ്പാലം തഹസില്‍ദാരുടെ ഓഫീസ് അയച്ച കത്ത് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പട്ടാമ്പി തഹസില്‍ദാര്‍ക്ക് എത്തിക്കാതിരുന്നത്.