Gulf
കാന്‍സര്‍ പ്രതിരോധിക്കാം : ഡോ. നജീമുദ്ധീന്‍ മണപ്പാട്ട്
ദോഹ. കാന്‍സര്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ മാനവരാശി അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും വ്യക്തി തലത്തിലും സമൂഹ തലത്തിലുമുളള ശ്രദ്ധയും ബോധവല്‍ക്കരണവും നാല്‍പതുശതമാനത്തോളം കാന്‍സറുകളെങ്കിലും പ്രതിരോധിക്കുവാന്‍ സഹായകമാകുമെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. നജ്മുദ്ധീന്‍ മണപ്പാട്ട് അഭിപ്രായപ്പെട്ടു.
മീഡിയ പ്ലസ് , ആന്റി സ്‌മോക്കിംഗ് സൊസൈറ്റി, ക്യൂ മലയാളം, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോക കാന്‍സര്‍ ദിനാചരണ ബോധവല്‍ക്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാന്‍സറുകളും പാരിസ്ഥിതിക കാരണങ്ങളായും തെറ്റായ ജീവിത ശൈലി കാരണവുമാണ് വളരുന്നത്. അതുകൊണ്ട് തന്നെ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ തുടര്‍ച്ചയായി നടക്കേണ്ടത്. ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വിപല്‍വകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും.
അമിതമായ പുകവലി, മദ്യപാനം, വെറ്റില മുറുക്ക്, പാന്‍ പരാഗുകള്‍ തുടങ്ങിയവയാണ് വായിലേയും തൊണ്ടയിലേയും കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍. ഈ തെറ്റായ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ഭീകരമായ കാന്‍സറിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാം.
കാന്‍സറിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഭീതി ജനിപ്പിക്കുകയും ചികില്‍സാ നടപടികള്‍ പ്രയാസകരമാക്കുകയും ചെയ്യുന്നു. ആദ്യ സ്‌റ്റേജില്‍ തന്നെ രോഗനിര്‍ണയം നടത്താനായാല്‍ തൊണ്ടയിലേയും വായിലേയും കാന്‍സറുകളൊക്കെ പൂര്‍ണമായി സുഖപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പുകയിലയുടെ എല്ലാ ഉപയോഗവും മാരകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പുകവലിയും മദ്യപാനവും ഒരുമിച്ചാകുമ്പോള്‍ അപകട സാധ്യത പതിനഞ്ച് മടങ്ങ് വര്‍ദ്ധിക്കും. അതിനാല്‍ അനാരോഗ്യകരമായ എല്ലാ ശീലങ്ങളും അവസാനിപ്പിക്കുകയാണ് കാന്‍സര്‍ പ്രതിരോധത്തിന്റെ ആദ്യ പടി, അദ്ദേഹം പറഞ്ഞു.
ആധുനിക ചികില്‍സാ സംവിധാനങ്ങള്‍ കാന്‍സര്‍ പരിചരണം കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷവുമാക്കിയിട്ടുണ്ടെങ്കിലും രോഗം വരാതെ നോക്കുക തന്നെയാണ് ചികില്‍സയേക്കാള്‍ പ്രധാനം. കാന്‍സറിനെ പ്രതിരോധിക്കേുവാനും അതിന്റെ വ്യാപനം തടയുവാന്‍ സഹായിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുവാനുമുള്ള അവസരമാണ് ലോക കാന്‍സര്‍ ദിനമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
തുടര്‍ന്ന് സദസ്സിന്റെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി പറഞ്ഞു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് കരീം അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. സിജി പബല്‍ക് റിലേഷന്‍സ് ഡയറക്ടര്‍ കെ. പി. നൂറുദ്ധീന്‍, ക്യൂ മലയാളം പ്രതിനിധി രാമചന്ദ്രന്‍ വെട്ടിക്കാട്, കെ..എം.സി.സി. സെക്രട്ടറി നിഅമതുല്ല കോട്ടക്കല്‍, ഹ്യൂമന്‍ റിസോസര്‍സ് കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ ആന്റണി സംസാരിച്ചു.
മീഡിയ പ്ലസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഇഖ്ബാല്‍ നീര്‍ച്ചാല്‍ അബ്ദുല്ല, സന്ദീപ് ജി നായര്‍, മീഡിയ പ്ലസിലെ ഷറഫുദ്ധീന്‍ തങ്കയത്തില്‍, സജ്ഞയ് ചപോല്‍ക്കര്‍, യൂനുസ് സലീം, ശിഹാബുദ്ധീന്‍, സിയാഹുറഹ്മാന്‍, അഫ്‌സല്‍ കിളയില്‍, സൈദലവി അണ്ടേക്കാട്, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഖാജാ ഹുസൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോട്ടോ. മീഡിയ പ്ലസ് , ആന്റി സ്‌മോക്കിംഗ് സൊസൈറ്റി, ക്യൂ മലയാളം, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോക കാന്‍സര്‍ ദിനാചരണ ബോധവല്‍ക്കരണ പരിപാടിയില്‍ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. നജ്മുദ്ധീന്‍ മണപ്പാട്ട് വിഷയമവതരിപ്പിച്ച് സംസാരിക്കുന്നു


