ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശിപാര്‍ശ

Posted on: February 4, 2014 3:12 pm | Last updated: February 5, 2014 at 2:39 pm

pension fund23തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന് സര്‍ക്കാര്‍ സമിതിയുടെ ശിപാര്‍ശ. പൊതു ധനസ്ഥിതി അവലോകന കമ്മിറ്റിയുടെ ശിപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ജീവനക്കാര്‍ക്കായി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും സമിതിയുടെ മൂന്നാത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2011-12 വര്‍ഷത്തേക്കുള്ള ധനസ്ഥിതി അവലോകന റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്.

സംസ്ഥാനത്തെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും ലക്ഷക്കണക്കിന് രൂപയുടെ പെന്‍ഷന്‍ കുടിശ്ശികയും കണക്കിലെടുത്ത് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 58 ആക്കി ഉയര്‍ത്തണമെന്നാണ് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. പെന്‍ഷന്‍ ബാധ്യതക്ക് പരിഹാരമായി ജീവനക്കാര്‍ക്കായി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണം. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കണമെന്നും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇത് പലിശ സഹിതം തിരിച്ചുനല്‍കണമെന്നും ശിപാര്‍ശയില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് വര്‍ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.