Palakkad
കല്‍പ്പാത്തിപ്പുഴ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ പുനരാരംഭിച്ചു

പാലക്കാട്: കല്‍പ്പാത്തിപ്പുഴ സൗന്ദര്യവത്കരണ നടപടികള്‍ പുനരാരംഭിച്ചു. ചാത്തപ്പുരം ക്ഷേത്രത്തിന് സമീപമുള്ള പുഴയുടെ ഭാഗത്ത് പുതിയ കടവുകള്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നുള്ള 24.6 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം. കല്‍പ്പാത്തിപ്പുഴ സൗന്ദര്യവത്കരണത്തിന്റെ ആദ്യ ഘട്ടത്തില്‍ പുഴയോരത്ത് നടപ്പാതയും കുട്ടികളുടെ പാര്‍ക്കും നിര്‍മിച്ചിരുന്നെങ്കിലും ചാത്തപ്പുരം മേഖലയില്‍ കടവുകള്‍ നിര്‍മിച്ചിരുന്നില്ല. പാര്‍ക്ക് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. മുന്‍വര്‍ഷത്തെ രഥോത്സവത്തോടനുബന്ധിച്ച് അന്നത്തെ ജില്ലാ കലക്ടര്‍ പാഷ, ഷാഫി പറമ്പില്‍ എം എല്‍ എ എന്നിവര്‍ മുന്‍കൈ എടുത്ത് കൈവരികള്‍ പിടിപ്പിച്ച് നടപ്പാത നന്നാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ അറ്റകുറ്റപ്പണികള്‍. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ പാലക്കാട് എം എല്‍ എ ആയിരിക്കുമ്പോഴാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ കല്‍പ്പാത്തിപ്പുഴ സൗന്ദര്യവത്കരണം ആരംഭിച്ചത്. യഥാസമയം അറ്റകുറ്റപ്പണി ഇല്ലാത്തതിനാല്‍ പദ്ധതി നാശത്തിലേക്ക് നീങ്ങുകയാണ്.
വേനല്‍ക്കാലങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പുഴ ശുചീകരിക്കുന്നതോടൊപ്പം പുതിയ പാലത്തിന് താഴെ ചെറിയ ചെക്ഡാം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം പി എന്‍ വിശ്വനാഥന്‍, കൗണ്‍സിലര്‍ വി ജ്യോതിമണി എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. റിവര്‍മാനേജ്‌മെന്റ്ഫണ്ടില്‍ നിന്ന് തുക അനുവദിച്ചാല്‍ ഈ വേനലില്‍ തന്നെ ചെക്ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും.
പുഴയില്‍ ചെറിയ ചെക്ഡാം നിര്‍മിച്ചാല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളം ശേഖരിച്ചുനിര്‍ത്താനാകും. ഇതുവഴി മെയ് മാസം വരെ പുഴയില്‍ ജലസമൃദ്ധി നിലനിര്‍ത്താനാകുമെന്നാണ് ജലവിഭവവകുപ്പിന്റെ വിലയിരുത്തല്‍.