Connect with us

Palakkad

അട്ടപ്പാടിയിലെ ഊരുകള്‍ കലക്ടറും ഉദ്യോഗസ്ഥ സംഘവും സന്ദര്‍ശിച്ചു

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ ഊരു നിവാസികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടരുതെന്നും ഇത് അവരുടെ വംശത്തെ തന്നെ തുടച്ചുനീക്കുമെന്നും ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു. വീടുകളും മറ്റും നിര്‍മിക്കുമ്പോള്‍ കരാറുകാരെയും കമ്മീഷന്‍ ഏജന്റുമാരെയും ഒഴിവാക്കി സ്വന്തം മേല്‍നോട്ടത്തില്‍ തന്നെ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അട്ടപ്പാടിയിലെ ഉള്‍പ്രദേശങ്ങളായ ഖലസി, താഴെതുടുക്കി, മേലെതുടുക്കി, തടികുണ്ട്, ആനവായ്, കടുകുമണ്ണ തുടങ്ങിയ ഊരുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ജില്ലാ കലക്ടറും സംഘവും.
ഊരു കൂട്ടത്തിന്റെ ഭക്ഷ്യ, കൃഷി, ആരോഗ്യം, ഭവനം, റോഡ് സംബന്ധമായ ആവശ്യങ്ങളും പരാതികളും വിശദമായി ചര്‍ച്ച ചെയ്ത് നടപടികള്‍ എടുക്കാനുള്ള നിര്‍ദ്ദേശം വകുപ്പ് തലവന്മാര്‍ക്ക് നല്‍കി. ഇതനുസരിച്ച് മുക്കാലി മുതല്‍ ആനവായ് വരെയുളള ഏഴര കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
റേഷന്‍ വിതരണത്തെ സംബന്ധിച്ചും തീരുമാനങ്ങളെടുത്തു. കുറുമ്പ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ ഫോറസ്റ്റ് ക്യാമ്പ് ഷെഡില്‍ റേഷന്‍ കട നടത്തുക, സ്‌കൂള്‍, കോളജ് എന്നിവിടങ്ങളില്‍ നിന്നും കൊഴിഞ്ഞുപോയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് മലമ്പുഴ ഗിരിവികാസില്‍ സൗകര്യമൊരുക്കുക, കോഴി, കാട തുടങ്ങിയവ വളര്‍ത്തുന്നതിനും റാഗി, അമര, കൂവരക് എന്നിവ കൃഷി ചെയ്യുന്നതിനും സഹകരണാടിസ്ഥാനത്തില്‍ നടപടിയെടുക്കുക, സൗരോര്‍ജ അടിസ്ഥാനത്തില്‍ ഊരുകളില്‍ വൈദ്യുതി ഏര്‍പ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ നടപടി സ്വീകരിക്കും.
തൊഴിലവസരങ്ങളെക്കുറിച്ച് വിവരം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഊരുകളില്‍ ഡിഷ് ആന്റിനയും ടി വിയും നല്‍കാനുള്ള നടപടിയെടുക്കും. പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍, അഗളി സി ഐ, അഗളി ഡി വൈ എസ് പി, അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫീസര്‍, മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍, ഡി എം ഒ, ഡെപ്യൂട്ടി ഡി എം ഒ, ജല അതോറിറ്റി, കൃഷി, മൃഗസംരക്ഷണം വിഭാഗത്തിലെ ജീവനക്കാരും ഫോറസ്റ്റ് റേഞ്ചര്‍മാര്‍, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു.

 

Latest