വെള്ളമുണ്ട പഞ്ചായത്തിനെതിരെ എല്‍ ഡി എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

Posted on: February 4, 2014 8:21 am | Last updated: February 4, 2014 at 8:21 am

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി എ ആലിക്കും വൈസ് പ്രസിഡന്റ് ഷിമ സുരേഷിനുമെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.
പഞ്ചായത്തിലെ അഴിമതിയിലും കെടു കാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വാര്‍ഡിലെ ആദിവാസി കുടുംബശ്രീക്ക് ബ്ലോക്ക് പഞ്ചായത്ത് ആടു വളര്‍ത്തലിനു നല്‍കിയ 50000 രൂപ തട്ടിയെടുത്തു. ഇതിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആഭംഭിച്ചപ്പോള്‍ പലിശ സഹിതം പണം തിരിച്ച് നല്‍കേണ്ടി വന്നു. ബാണാസുര മലയിലെ കുടിവെള്ളം ഒരു സ്വകാര്യ റിസോര്‍ട്ടിന് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനമെടുക്കുകയും രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരികയും ചെയ്തപ്പോള്‍ മാത്രമാണ് ഈ കരാര്‍ റദ്ദാക്കിയത്. മാത്രവുമല്ല വെള്ളമുണ്ട പഞ്ചായത്ത് പരിധിയില്‍ അടുത്ത കാലത്ത് അനുവാദം നല്‍കിയിട്ടുള്ള എല്ലാ ചെറുകിട വ്യവസായങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മറ്റും ലൈസന്‍സ് നല്‍കുന്നതിന് വേണ്ടി പഞ്ചായത്ത് ഭരണാധികാരികള്‍ കാണിച്ച അമാന്തം പണം തട്ടുന്നതിനുള്ള സൂത്രവിദ്യയായിരുന്നു.
വെള്ളമുണ്ടപഞ്ചായത്തില്‍ എല്‍ഡിഎഫ് സൃഷ്ടിച്ച എല്ലാ വികസന മാതൃകകളും തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് ഭരണസമിതി സ്വീകരിച്ചിട്ടുള്ളത്. ഗ്രോത്രസാരഥി പദ്ധതി അവതാളത്തിലാക്കിയതോടെ ആദിവാസി കുട്ടികള്‍ സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സി ജി പ്രത്യുഷ്, പി പി ജോര്‍ജ്ജ്, ഇ പങ്കജവല്ലി, അബ്ദുള്ള കണിയാംങ്കണ്ടി, പി ജയ, എ കെ കുഞ്ഞിരാമന്‍, സി എം അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മെമ്പര്‍മാര്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.