കോഴിക്കോട് മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ ഊര്‍ജിതം

Posted on: February 4, 2014 8:16 am | Last updated: February 4, 2014 at 8:16 am

കോഴിക്കോട്: മുന്നണികള്‍ തമ്മില്‍ സീറ്റ് ധാരണകള്‍ പൂര്‍ത്തിയായില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഊര്‍ജിതം. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള അനൗപചാരിക ചര്‍ച്ചകള്‍ പാര്‍ട്ടി കമ്മിറ്റികളിലും നേതാക്കള്‍ക്കിടയിലും സജീവമാണ്. രഹസ്യ സര്‍വേകളും മറ്റും പൂര്‍ത്തിയാക്കി. മുന്നണിയെയും രാഷ്ട്രീയ കൂട്ടുകെട്ടുകളെയും കാത്തുനില്‍ക്കാതെ ചില പാര്‍ട്ടികള്‍ സ്വന്തം നിലക്ക് മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്തി. പ്രധാന പാര്‍ട്ടികളുടെയെല്ലാം ബൂത്ത്തലം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍വന്നു. ബുത്ത്തലം മുതലുള്ള രാഷ്ട്രീയ വിശദീകരണ യോഗങ്ങളും നടക്കുകയാണ്.
കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം സീറ്റിനായി ഇരു മുന്നണികളിലും കാര്യമായ തര്‍ക്കമില്ല. അതിനാല്‍ എല്‍ ഡി എഫിനെ പ്രതിനിധീകരിച്ച് സി പി എമ്മിന്റെയും യു ഡി എഫിനെ പ്രതിനിധാനം ചെയ്ത് കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ എം പി. എം കെ രാഘവന്‍ തന്നെ യു ഡി എഫിന്റെ സ്ഥാനാര്‍ഥിയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങള്‍ എടുത്തുകാട്ടി എം കെ രാഘവന്‍ നടത്തിയ വികസന സന്ദേശ യാത്ര പൂര്‍ത്തിയായിക്കഴിഞ്ഞു. വികസന സന്ദേശ യാത്രയുടെ സമാപന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുക്തകണ്ഠം രാഘവനെ പ്രശംസിച്ചിരുന്നു. രാഘവന്‍ കോഴിക്കോടിന് വേണ്ടി പ്രവര്‍ത്തനമല്ല, പോരാട്ടമാണ് നടത്തിയതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. കൂടതെ കോണ്‍ഗ്രസില്‍ നിലവില്‍ എ ഗ്രൂപ്പാണ് കോഴിക്കോട് മത്സരിക്കുന്നത്. കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബുവിന്റെ നേതൃത്തിലിള്ള എ ഗ്രൂപ്പ് ഒന്നടങ്കം രാഘവന് പിന്നിലുണ്ട്. കൂടാതെ യു ഡി എഫിലെ ഘടകകക്ഷികള്‍ക്കും രാഘവന്‍ മത്സരിക്കുന്നതിനോട് യോജിപ്പാണുള്ളത്. സോഷ്യലിസ്റ്റ് ജനതയും മുസ്‌ലിം ലീഗും ഇതിനകം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഘവന്റെ സ്ഥാനാര്‍ഥിത്വത്തിനൊപ്പം ചിട്ടയായ പ്രവര്‍ത്തനവുമുണ്ടായാല്‍ സീറ്റ് നിലനിര്‍ത്താനാകുമെന്നാണ് യു ഡി എഫ് കരുതുന്നതെന്ന് ജില്ലയിലെ ഒരു കോണ്‍ഗ്രസ് ഐ ഗ്രപ്പ് നേതാവ് പ്രതികരിച്ചു. കൂടാതെ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ രാഘവന് ഏറെ സ്വീകാര്യതയുണ്ട്. സമുദായ സംഘടനാ നേതാക്കളുമായെല്ലാം അദ്ദേഹത്തിന് നല്ല ബന്ധമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ശക്തികേന്ദ്രമായ കൊടുവള്ളി മണ്ഡലത്തില്‍ നിന്നുണ്ടായ 12,000 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഘവന് തുണയായതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 838 എന്ന നേരിയ വോട്ടിന് സി പി എം സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് തോറ്റെങ്കിലും തങ്ങളുടെ ശക്തി കേന്ദ്രമായ കോഴിക്കോട് മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. ഇതിന് ശക്തനും പൊതുസമ്മതനുമായ ഒരാളെ മത്സരിപ്പിക്കാനാണ് സി പി എം ആലോചിക്കുന്നത്. നിരവധി പേരുകളാണ് പരിഗണനയിലുള്ളത്. ഇതില്‍ എ പ്രദീപ് കുമാര്‍, എളമരം കരീം, ടി പി രാമകൃഷ്ണന്‍, അഡ്വ. മുഹമ്മദ് റിയാസ്, കാനത്തില്‍ ജമീല എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. എം എല്‍ എ എന്ന നിലയില്‍ മണ്ഡലത്തിലുള്ള ജനകീയതയും പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പിന് അതീതമായ പേരും പ്രദീപ്കുമാര്‍ മത്സരിക്കണമെന്ന അഭിപ്രായത്തിന് ശക്തികൂട്ടുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് കോഴിക്കോട്. എല്‍ ഡി എഫിന്റെ പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരു ചെറിയ അളവില്‍ വോട്ട് ലഭിച്ചാല്‍ എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന് സി പി എം കരുതുന്നു. ഇതിനാല്‍ ഒരു മുസ്‌ലിം നാമധാരിയെ മത്സരിപ്പിക്കണമെന്ന അഭിപ്രായവുമുണ്ട്. എം എല്‍ എ എന്ന നിലയില്‍ എളമരം കരീം മൂന്നാം തവണയാണ് ഇപ്പോഴുള്ളത്. വീണ്ടും ഒരു അവസരത്തിന് സാധ്യത കുറവാണ്. അദ്ദേഹത്തെ ദേശീയ തലത്തിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും റിയാസിന് ഒരു അവസരം കൂടി നല്‍കണമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ച് പൂര്‍ത്തിയായ ശേഷമേ സി പി എം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളൂ.
ഇടത്‌വിരുദ്ധ വികാരം ആഞ്ഞടിച്ച 2009ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി എമ്മിലെ മുഹമ്മദ് റിയാസ് തോറ്റെങ്കിലും മണ്ഡലത്തിലെ തങ്ങളുടെ രാഷ്ട്രീയ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് സി പി എം ജില്ലാ നേതാവ് പറഞ്ഞു. കഴിഞ്ഞ തവണ പാര്‍ലിമെന്റ് മണ്ഡലത്തില്‍ കൊടുവള്ളി, കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളില്‍ എം കെ രാഘവനും ബാലുശ്ശേരി, കുന്ദമംഗലം, എലത്തൂര്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ റിയാസുമാണ് മുന്നിലെത്തിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്ക് നോക്കിയാല്‍ കൊടുവള്ളി, കോഴിക്കോട് സൗത്ത് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന് വന്‍ ലീഡാണുള്ളതെന്നും സി പി എം നേതാവ് പറഞ്ഞു. കോഴിക്കോട് സൗത്ത് നേരിയ വോട്ടിനാണ് തോറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണിയുടെ ഭാഗമല്ലാത്ത കക്ഷികളിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഊര്‍ജിതമാണ്. ജയസാധ്യത ഇല്ലെങ്കിലും ബി ജെ പി മണ്ഡലം കണ്‍െവന്‍ഷനുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനെയാണ് ബി ജെ പി പ്രധാനമായും പരിഗണിക്കുന്നത്. എം ടി രമേശ്, കെ പി ശ്രീശന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. മുന്നണി പ്രവേശനം സാധ്യമാകാത്ത പശ്ചാത്തലത്തില്‍ മണ്ഡലം കണ്‍വെന്‍ഷനും മറ്റും പൂര്‍ത്തിയാക്കി ഐ എന്‍ എല്ലും മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. ആം ആദ്മിക്കും കോഴിക്കോട് സ്ഥാനാര്‍ഥിയുണ്ടാകുമെന്നാണ് അറിയുന്നത്.