വിവാഹ ധൂര്‍ത്തും ആര്‍ഭാടവും നിയന്ത്രിക്കാന്‍ നടപടി

Posted on: February 4, 2014 12:25 am | Last updated: February 3, 2014 at 11:25 pm

തിരുവനന്തപുരം: വിവാഹത്തിന്റെ പേരിലുള്ള ആര്‍ഭാടവും ധൂര്‍ത്തും നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന പല വിവാഹച്ചടങ്ങുകളുടെയും പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് പാഴാക്കുന്നത്. ഇതു നിയന്ത്രിക്കാന്‍ രാജ്യത്ത് നിയമം ഉണ്ടാകേണ്ടതുണ്ട്.
ഭരണഘടനയിലെ പൗരാവകാശങ്ങളുടെ ലംഘനമെന്ന കാരണത്താല്‍ കോടതിപോലും ഇതിനു എതിരുനില്‍ക്കുന്നു. നിയമത്തിനു മുമ്പ് സമൂഹത്തില്‍ ശക്തമായ ബോധവത്കരണം അനിവാര്യമാണ്. ഇതിനായി മതമേലധ്യക്ഷന്‍മാരും രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക സംഘടനകളും യോഗം ചേര്‍ന്നു ചര്‍ച്ച നടത്തണം. മാധ്യമങ്ങളിലൂടെ ആവശ്യമായ പ്രചാരണങ്ങള്‍ നടത്തണം. വിവാഹ ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിക്കുമെന്ന് സി പി മുഹമ്മദിന് മന്ത്രി ഉറപ്പ് നല്‍കി.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുകയുള്ളുവെന്ന് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് സഭയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകുന്ന തരത്തില്‍ ചില നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്ര സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ഗുരുവായൂര്‍ സ്റ്റേഷന്‍ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കുമെന്നും പി എ മാധവനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഉപ്പള ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനും അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം തന്നെ ഭരണാനുമതി നല്‍കുമെന്നും പി ബി അബ്ദുര്‍റസാഖിനെ മന്ത്രി അറിയിച്ചു. ഫയര്‍ഫോഴ്‌സിലെ ഒഴിവുകള്‍ നികത്താന്‍ പി എസ് സിയുടെ ശിപാര്‍ശ ലഭിക്കുന്ന മുറക്ക് നടപടിയെടുക്കും.
തുറവൂരില്‍ ചിട്ടി കമ്പനിയുടമയായ ദിലീപ് കുമാര്‍ ദുരൂഹസാചര്യത്തില്‍ മരിച്ച സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.