Connect with us

Kozhikode

വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ കേരളം പിന്നിലാണെന്ന് മുല്ലപ്പള്ളി

Published

|

Last Updated

കോഴിക്കോട്: സാക്ഷരതയില്‍ മേനിപറയുന്ന കേരളം വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ വളരെ പിന്നിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ കാര്യത്തിലും നാം പരാജിതരാണ്. കേരളത്തിലെ കുട്ടികള്‍ക്ക് മത്സരപരീക്ഷകളില്‍ മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളോട് മത്സരിക്കാന്‍ ഇതുമൂലം സാധിക്കുന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ എച്ച് എസ് ടി എ) 23ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ പഠനഭാരം കുട്ടികളെ മാനസിക സംഘര്‍ഷങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോള്‍ വിജയശതമാനത്തെ കുറിച്ച് മാത്രമാണ് ചര്‍ച്ചയാവുന്നത്. വിജയശതമാനം വര്‍ധിക്കുമ്പോള്‍ കുട്ടികള്‍ക്ക് മൂല്യബോധം നഷ്ടമാകുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു. ഓക്‌സ്‌ഫോര്‍ഡിലെയും കാന്‍ബ്രിഡ്ജിലെയും മികച്ച അധ്യാപകര്‍ ഇന്ത്യക്കാരാണ്. അവരെ നമ്മുടെ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. അതിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അധ്യാപകര്‍ക്ക് അനുകൂലമായ നിലപാടുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകരെ മുറക്ക് സീനിയര്‍ ആക്കണം. പ്രൊഫ. പി ഒ ജെ ലബ്ബ കമ്മിറ്റി ശിപാര്‍ശകളില്‍ അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുക്കണം. ശനിയാഴ്ച അവധി ദിവസമാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ എ എച്ച് എസ് ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി മോഹന്‍കുമാര്‍, സംസ്ഥാന പ്രസിഡന്റ് ടി പ്രസന്നകുമാര്‍, ഡി സി സി പ്രസിഡന്റ് കെ സി അബു, കോട്ടാത്തല മോഹനന്‍ പങ്കെടുത്തു.

Latest