Connect with us

Articles

നാശോന്മുഖമാകുന്ന തണ്ണീര്‍ത്തടങ്ങള്‍

Published

|

Last Updated

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ കേരളത്തിലെത്തുന്നത് കേരളത്തനിമ കാണാനും ആസ്വദിക്കാനുമാണ്. സംസ്ഥാനത്തെ “ദൈവത്തിന്റെ സ്വന്തം നാടാക്കി”യത് ഇവിടുത്തെ പ്രകൃതിഭംഗിയാണ്. പടിഞ്ഞാറ് കടലും കിഴക്ക് പശ്ചിമ ഘട്ടവും ഇടനാടും മലനാടും തീരപ്രദേശവും തോടുകളും നദികളും വനങ്ങളും കാവുകളും കണ്ടലുകളും കായലുകളും കുളങ്ങളും ചതുപ്പുകളും നെല്‍വയലുകളും മലകളും കുന്നുകളും കോള്‍നിലങ്ങളുമെല്ലാം ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഇവിടുത്തെ പച്ചപ്പിന് നിദാനം നമ്മുടെ കാലാവസ്ഥയും ജലസ്രോതസ്സുകളുമാണ്. പ്രകൃതിയുടെ ഓരോ വരദാനവും പരസ്പരം ബന്ധപ്പെട്ട് കണ്ണിന് കുളിര്‍മ നല്‍കുന്ന സുന്ദര കേരളം രൂപപ്പെട്ടത് നമ്മുടെ ജൈവവൈവിധ്യവും അതിന് ഉത്തരവാദികളായത് നമ്മുടെ തണ്ണീര്‍ത്തടങ്ങളുമാണ്.
ഓരോ പ്രകൃതിവിഭവവും ഒന്നിനോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാം നമ്മുടെ പ്രകൃതിക്ക് അനുകൂലമായ കണ്ണികളാണ്. ഒരു ഇഴ നശിച്ചാല്‍ അറ്റുപോകുന്നത് കേരളത്തനിമയാണ്. അതുകൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങളുടെ കുത്തൊഴുക്കില്‍ കാലഹരണപ്പെട്ടുപോകുന്നത് നമ്മുടെ കേരളത്തിന്റെ തനതായ പ്രത്യേകതകളാണ്. വികസനത്തിന്റെ പേരില്‍ നാം രൂപാന്തരം വരുത്തുന്നത് തിരികെപ്പിടിക്കാനാകാത്ത നമ്മുടെ പ്രകൃതി സൗന്ദര്യമാണ്. ആളുകള്‍ക്ക് കേരളത്തില്‍ കാണേണ്ടത് വിമാനത്താവളങ്ങളോ പാലങ്ങളോ അംബരചുംബികളായ കെട്ടിടങ്ങളോ മെട്രോ ട്രെയിനോ എക്‌സ്പ്രസ് ഹൈവേയോ മറ്റു നാം വികസനമെന്ന് കൊട്ടിഘോഷിക്കുന്ന സൂചികകളോ അല്ല. പ്രത്യുത, അമൂല്യമായ പ്രകൃതി വിഭവ സ്രോതസ്സുകളെയാണ്. നാം വികസനമെന്ന പേരില്‍ തകര്‍ത്തെറിയുന്നത്, പക്ഷേ നമ്മുടെ വിലപിടിച്ച പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും പശ്ചിമ ഘട്ട മലമടക്കുകളും വൃക്ഷനിബിഡമായ മഴക്കാടുകളും കായലുകളും കടല്‍ത്തീരങ്ങളും പൈതൃക സ്വത്തുക്കളുമാണ്.
ഇതോടെ നാം ക്ഷണിച്ചുവരുത്തുന്നത് ഭക്ഷ്യ സുരക്ഷാ ഭീഷണിയും കുടിവെള്ളക്ഷാമവും കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും വരള്‍ച്ചയും അമിതമായ ചൂടും അത്യുഷ്ണവും മലിനീകരണവും ജൈവവൈവിധ്യ നാശവുമാണെന്ന് തിരിച്ചറിവുണ്ടാകാനുള്ള ഒരു അവസരമാണ് ലോക തണ്ണീര്‍ത്തട ദിനം. 1971 ല്‍ ഇറാനില്‍ നടന്ന റാംസാര്‍ കണ്‍വെന്‍ഷനെത്തുടര്‍ന്ന് 1997 മുതലാണ് ഐക്യരാഷ്ട്ര സംഘടന ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കാന്‍ ഫെബ്രുവരി രണ്ട് തിരഞ്ഞെടുത്തത്. ലോകത്തെ തണ്ണീര്‍ത്തടങ്ങളുടെ നാശം ദേശാടന പക്ഷികളുടെ നാശത്തിനും വരള്‍ച്ചക്കും കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും ഇടവരുത്തുന്നുവെന്ന തിരിച്ചറിവാണ് 195 രാജ്യങ്ങളെ റാംസാറില്‍ ഒത്തുകൂടി ഐക്യരാഷ്ട്ര സംഘടന രൂപം കൊടുത്ത കരാറില്‍ ഒപ്പിടാന്‍ പ്രേരിപ്പിച്ചത്. ഓരോ രാജ്യത്തും പ്രാദേശിക കാലാവസ്ഥയില്‍ തണ്ണീര്‍ത്തട നാശം വരുത്തുന്ന വ്യതിയാനം ആഗോളതലത്തില്‍ കാലാവസ്ഥയില്‍ വന്‍ മാറ്റം വരുത്തുന്നു എന്ന നിഗമനം അന്താരാഷ്ട്ര തലത്തില്‍ തണ്ണീര്‍ത്തട സംരക്ഷണം അത്യവശ്യമാണെന്ന് രാജ്യങ്ങള്‍ സമ്മതിച്ചു. അതുകൊണ്ടു തന്നെ ലോക ഭൂപടത്തില്‍ പ്രധാന തണ്ണീര്‍ത്തടങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു.
കേരളത്തിലെ ശാസ്താംകോട്ട കായല്‍, വേമ്പനാട്ട് കോള്‍ തടാകം, അഷ്ടമുടി കായല്‍ എന്നിവ റാംസാര്‍ കരാറനുസരിച്ച് നാം സംരക്ഷിക്കേണ്ട തണ്ണീര്‍ത്തടങ്ങളാണ്. എന്നാല്‍, ഈ തണ്ണീര്‍ത്തടങ്ങള്‍ നാശോന്മുഖമാണെന്നതിന് ഒട്ടനവധി സൂചനകള്‍ നമുക്ക് കാണാവുന്നതാണ്. ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം വേനലില്‍ വറ്റിവരണ്ട് ചുരുങ്ങിപ്പോകുന്നു. വേമ്പനാട്ട് കായലിന്റെ തീരം കൈയേറി വിസ്തീര്‍ണം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു. അഷ്ടമുടിക്കായല്‍ നഗരമാലിന്യം തള്ളലിന്റെ ഇടമായി മാറിയിരിക്കുന്നു. അന്താരാഷ്ട്ര കരാര്‍ പ്രകാരം സംരക്ഷിക്കേണ്ട ഈ മൂന്ന് തണ്ണീര്‍ത്തടങ്ങളുടെ തീരങ്ങളില്‍ തീരദേശ സംരക്ഷണ നിയമം കാറ്റില്‍ പറത്തി അംബരചുംബികളായ കെട്ടിടങ്ങള്‍ വികസനമെന്ന പേരില്‍ അനധികൃതമായി കൈയേറി കെട്ടിപ്പൊക്കിയിരിക്കുന്നു. നിയമങ്ങള്‍ നോക്കുകുത്തികളാക്കി റാംസാര്‍ കരാര്‍ ലംഘനം നടത്തിയിട്ടു പോലും കേരള സര്‍ക്കാറോ ഇന്ത്യന്‍ സര്‍ക്കാറോ കാര്യമായ ഒരു നടപടിയും കൈകൊണ്ടിട്ടില്ലെന്നുള്ളത് ഭരണകൂട അനാസ്ഥയായി മാത്രമേ കാണാനാകൂ. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാറിനോട് കായല്‍ കൈയേറ്റങ്ങളുടെയും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും എണ്ണം ബോധിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. തണ്ണീര്‍ത്തട നാശത്തിന് വഴിവെക്കുന്ന കായല്‍ കൈയേറ്റങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും വിവരശേഖരണത്തിന്റെ കൃത്യമായ കണക്ക് സുപ്രീം കോടതിയെ അറിയിക്കുന്നതിലും കേരള സര്‍ക്കാര്‍ അനാസ്ഥ കാണിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഓരോ വര്‍ഷത്തെയും ലോക തണ്ണീര്‍ത്തട ദിനത്തില്‍ തണ്ണീര്‍ത്തട സംരക്ഷണത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന അധരവ്യായാമം ബന്ധപ്പെട്ടവര്‍ നടത്തുന്നുണ്ടെങ്കിലും ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ ഇനിയും മടി കാണിക്കുകയാണ്. കായലുകള്‍, പാടശേഖരങ്ങള്‍, നദീതടങ്ങള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചതുപ്പുകള്‍, കോള്‍നിലങ്ങള്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടമെന്ന നിര്‍വചനത്തില്‍ പെടുന്നവയാണ്. കാശ്മീരിലെ ദാല്‍ തടാകം, ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച്, പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ് കണ്ടല്‍ക്കാടുകളുടെ ചതുപ്പ്, ഒഡീഷയിലെ ചില്‍ക തടാകം, കര്‍ണാടകയിലെ തീരദേശ കായലുകള്‍, ആന്ധ്രയിലെ കൊല്ലേരു തടാകം, തമിഴ്‌നാട്ടിലെ പോയിന്റ് കാലിമര്‍ എന്നിവ ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രഖ്യാപിത സംരക്ഷിത റാംസാര്‍ സ്ഥലങ്ങളും തണ്ണീര്‍ത്തടങ്ങളുമാണ്.
ഇന്ത്യയില്‍ 35,58,915 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളുണ്ട്. കേരളത്തില്‍ 2000-ാം ആണ്ടിലെ കണക്കനുസരിച്ച് 34,200 ഹെക്ടര്‍ പ്രദേശത്ത് തണ്ണീര്‍ത്തട വീസ്തീര്‍ണമുണ്ട്. പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ കണ്ടല്‍ക്കാട് പ്രദേശത്ത് 11,43,859 ഹെക്ടര്‍ വിസ്തീര്‍ണത്തില്‍ തണ്ണീര്‍ത്തടം വ്യാപിച്ചു കിടക്കുന്നു. തണ്ണീര്‍ത്തടങ്ങള്‍ കാര്‍ഷിക മേഖലയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഇവ തദ്ദേശീയ ദേശാടന പക്ഷികള്‍ക്കും വന്യമൃഗങ്ങള്‍ക്കും ജലസസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ആവാസ സ്ഥലമൊരുക്കുന്നു. മത്സ്യങ്ങളുടെയും ജലജന്തുക്കളുടെയും പ്രജനന കേന്ദ്രങ്ങളാണ് തണ്ണീര്‍ത്തടങ്ങള്‍. ഒട്ടനവധി ആദിവാസി സമൂഹങ്ങള്‍ക്ക് ജീവസന്ധാരണത്തിന് തണ്ണീര്‍ത്തടങ്ങള്‍ അവസരമൊരുക്കുന്നുണ്ട്. പക്ഷി നീരീക്ഷണം, ബോട്ടിംഗ്, നീന്തല്‍, കുറ്റിച്ചെടികളുടെ ഇടയിലൂടെയുള്ള നടത്തം, ഗവേഷണം എന്നിവക്ക് പ്രകൃതിരമണീയ സ്ഥലങ്ങളായ തണ്ണീര്‍ത്തടങ്ങള്‍ അവസരമൊരുക്കുന്നുണ്ട്. പ്രാദേശിക വെള്ളപ്പൊക്കം തടയുന്നതിലും വരള്‍ച്ച അകറ്റുന്നതിലും തണ്ണീര്‍ത്തടങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. ഭൂമിയിലെ എക്കല്‍ മണ്ണ് കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ തണ്ണീര്‍ത്തടങ്ങള്‍ സഹായിക്കുന്നുണ്ട്. ധാതു ലവണ സംരക്ഷണം, ചംക്രമണം, ലഭ്യത എന്നിവക്ക് ഇവ ഹേതുവാകുന്നു. ജലത്തിലെ മാലിന്യം അരിച്ചു വേര്‍പെടുത്തല്‍, ജല ശുദ്ധീകരണം എന്നിവക്കെല്ലാം തണ്ണീര്‍ത്തടങ്ങള്‍ ഉപകാരപ്പെടുന്നു. മത്സ്യം, ചെമ്മീന്‍, ഞണ്ട്, ഞവുണിക്ക മറ്റ് ജലകൃഷികള്‍ എന്നിവക്കെല്ലാം തണ്ണീര്‍ത്തടങ്ങള്‍ ഉപയോഗിക്കുന്നു. കേരളത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ പൊക്കാളി നെല്‍ക്കൃഷിക്ക് പേരുകേട്ടതാണ്. ദേശാടനത്തിന് ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ഹിമാലയത്തില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നും മറ്റും വരുന്ന പക്ഷികളുടെ പ്രജനനത്തിനുള്ള ആവാസ വ്യവസ്ഥകളാണ് തണ്ണീര്‍ത്തടങ്ങള്‍.
ഒരു നാടിന്റെ ഭക്ഷ്യസുരക്ഷ തണ്ണീര്‍ത്തടങ്ങളുടെ നിലനില്‍പ്പിനെ ആശ്രയിച്ചിരിക്കുന്നു. വികസനത്തിന്റെ പേരില്‍ മണ്ണിട്ട് നികത്തി തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിക്കുന്നത് കേരളത്തില്‍ പതിവ് കാഴ്ചയാണ്. നദികളിലെ അത്യധികമായ അണക്കെട്ടുകളുടെയും തടയണകളുടെയും നിര്‍മാണം തണ്ണീര്‍ത്തടങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത്യധികമായ നഗരവത്കരണം, ഭൂവിനിയോഗത്തിലെ കാതലായ മാറ്റം, ധാന്യവിളകളില്‍ നിന്നും നാണ്യവിളകളിലേക്കുള്ള ചുവടുമാറ്റം, അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നയരൂപവത്കരണം, വികലമായ വികസന നയം എന്നിവയെല്ലാം സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായിട്ടുണ്ട്. സംസ്ഥാനത്ത് 1950ല്‍ ഉദ്ദേശം 25 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് നെല്‍ക്കൃഷിയുണ്ടായിരുന്നത് 2010 ആയപ്പോള്‍ ചുരുങ്ങിച്ചുരുങ്ങി കേവലം എട്ട് ലക്ഷം ഹെക്ടറിന് താഴെയായിപ്പോയി. വര്‍ഷാവര്‍ഷം ലോക തണ്ണീര്‍ത്തട ദിനമായി ഫെബ്രുവരി രണ്ട് ആചരിക്കുമ്പോള്‍ മാത്രമാണ് സംസ്ഥാനത്തിന് തണ്ണീര്‍ത്തട നാശത്തെക്കുറിച്ച് ബോധം വരുന്നത്. ജനങ്ങളില്‍ നിന്നും അകന്ന സര്‍ക്കാരുകള്‍ തുടര്‍ന്നു നടത്തുന്ന പ്രഖ്യാപനങ്ങള്‍ വെറും കാപട്യമായിട്ടാണ് മനസ്സിലാകുന്നത്. ഇച്ഛാശക്തിയോടെ തണ്ണീര്‍ത്തട സംരക്ഷണത്തിനായി സര്‍ക്കാര്‍ ഇടപെടുന്ന കാലത്ത് മാത്രമേ നമ്മുടെ തണ്ണീര്‍ത്തടങ്ങളും കേരളത്തനിമയും വീണ്ടെടുക്കാനാകൂ. അഴിമതി നിറഞ്ഞ ഭരണകൂടങ്ങളുടെ കൈകളില്‍ അന്താരാഷ്ട്ര കരാറുകള്‍ പാലിക്കപ്പെടുമെന്ന് വിഡ്ഢികള്‍ക്കേ വിശ്വസിക്കാനാകൂ. വരുംതലമുറകള്‍ക്ക് അവകാശപ്പെട്ട തണ്ണീര്‍ത്തടങ്ങളുടെ നാശം കണ്ട് സാധാരണ ജനത്തിന് നെടുവീര്‍പ്പിടാന്‍ മാത്രമേ കഴിയൂ.

Latest