Connect with us

Ongoing News

അഭിമാന ബോധം നല്‍കിയ ശബ്ദം

Published

|

Last Updated

ഇതേതാ സംഘടന എന്നാ നിങ്ങളുടെ വിചാരം എന്ന് ചോദിച്ചുകൊണ്ടാണ് ചരിത്രപ്രസിദ്ധമായ എസ് വൈ എസ്സിന്റെ എറണാകുളം സമ്മേളനത്തില്‍ ഉള്ളാള്‍ തങ്ങളുടെ പ്രൗഢമായ പ്രസംഗം തുടങ്ങിയത് തന്നെ. കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ ഭാവി നിര്‍ണയിച്ച ഒരു ചോദ്യം കൂടിയായിരുന്നു അത്. ആ ചോദ്യം നല്‍കിയ ആത്മ വിശ്വാസത്തിലാണ് 1989 മുതല്‍ സുന്നി പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയതും മലയാളി മുസ്‌ലിംകളുടെ ചരിത്ര വര്‍ത്തമാനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തില്‍ അതിന്റെ ജൈത്ര യാത്ര തുടങ്ങിയതും.

ഉള്ളാള്‍ തങ്ങളുടെ പ്രഭാഷണങ്ങള്‍ എന്നും അങ്ങനെയായിരുന്നു. ചോദിക്കേണ്ടത് ചോദിച്ചും മറുപടി പറയേണ്ടിടത്ത് പറഞ്ഞുമായിരുന്നു തങ്ങളുടെ ഓരോ പ്രഭാഷണങ്ങളും. അളന്നു മുറിച്ചുള്ള ആ വാക്കുകള്‍ അനുഭവത്തിന്റെ ഉശിരില്‍ പൊതിഞ്ഞവയായിരുന്നു. അറിവിന്റെ ആഴവും പരപ്പും ആ വാക്കുകളില്‍ ഒളിഞ്ഞിരിക്കും. ഒരു തത്വജ്ഞാനിയുടെ ദീര്‍ഘ ദര്‍ശനങ്ങള്‍ അതില്‍ നിറഞ്ഞുതുളുമ്പും. ഒരു നേതാവിന്റെ സമചിത്തതയും ഒരു പ്രവര്‍ത്തകന്റെ ആവേശവും ആ പ്രസംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കും. വാക്കുകളുടെ തിരഞ്ഞെടുപ്പുകളില്‍ പോലുമുണ്ടാകും അറിവിന്റെയും അനുഭവങ്ങളുടെയും ഈ അതിമനോഹരമായ വര്‍ണമേളനം.
ചോദ്യം ചോദിച്ചു തുടങ്ങിയ എറണാകുളത്തെ ആ പ്രഭാഷണം പിന്നീട് സമസ്തയുടെ ചരിത്രത്തില്‍ എത്തി. പൂര്‍വകാല പണ്ഡിതമാരെയും അവരുടെ ചരിത്രവും പറഞ്ഞതിനു ശേഷം പിന്നെ ഒരു പ്രഖ്യാപനമാണ്; “ഈ സംഘടനയെ നിങ്ങള്‍ ആര് വിചാരിച്ചാലും തകര്‍ക്കാനാകില്ല”. അന്നവിടെ ഉയര്‍ന്ന തക്ബീര്‍ ധ്വനികളുടെ പ്രതിധ്വനി ഇന്നും അവസാനിച്ചിട്ടില്ലെന്നതിനു ഏറ്റവും ഒടുവില്‍ കോഴിക്കോട് കടപ്പുറത്ത് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ എത്തിയ മനുഷ്യ സാഗരം സാക്ഷി.

കേരളത്തില്‍ സുന്നികളെ ചോദ്യം ചോദിക്കാന്‍ പഠിപ്പിച്ചത് ഉള്ളാള്‍ തങ്ങളായിരുന്നു. അതുവരെയും മറ്റുള്ളവര പറയുന്ന മറുപടി കേട്ട് മിണ്ടാതിരിക്കാനായിരുന്നു സുന്നികളുടെ വിധി. ആ ചോദ്യങ്ങളും വെല്ലുവിളികളും തങ്ങളുടെ ഓരോ പ്രസംഗത്തിലും ഉണ്ടാകും. ഇടക്കിടെ നിര്‍ത്തിയും ചോദ്യങ്ങള്‍ ചോദിച്ചുമായിരുന്നു തങ്ങളുടെ ഓരോ പ്രസംഗവും മുന്നേറുക. സദസ്യര്‍ തന്റെ കൂടെയുണ്ടെന്ന് ഉറപ്പ് വരുത്തും. ജനലക്ഷങ്ങള്‍ ആ വാക്കുകള്‍ക്കു മുന്നില്‍ നിശ്ശബ്ദരാകും. തക്ബീര്‍ ചൊല്ലി തങ്ങളുടെ പ്രിയ നേതാവിന് പിന്തുണ അറിയിക്കും. തങ്ങളുയര്‍ത്തിയ ചോദ്യങ്ങള്‍ അവര്‍ ഏറ്റുപിടിക്കും. ശ്രോതാക്കളെ ഇത്രയും ആവേശഭരിതരാക്കിയ പ്രഭാഷകര്‍ നന്നേ കുറവ്.

വലൗ കുന്‍ ത വഹദീ………. എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തങ്ങള്‍ നടത്തിയ പ്രസംഗങ്ങളില്‍ സ്ഥിരമായുണ്ടാവാറുള്ള ഒരു പ്രയോഗമായിരുന്നു അത്. സിദ്ദീകുല്‍ അക്ബറില്‍ (റ) നിന്നും കടമെടുത്ത ആ വാക്യം ഉദ്ധരിച്ചു തങ്ങള്‍ പറയും: “സത്യത്തിനു വേണ്ടി എകനായിട്ടാനെങ്കിലും ഞാന്‍ പൊരുതുക തന്നെ ചെയ്യും. കൂടെ ആരുണ്ട്, ആരില്ല എന്നത് എനിക്കൊരു പ്രശ്‌നമേ അല്ല. ” ആദര്‍ശത്തില്‍ നിന്നും വ്യതിചലിച്ച ഒരു വിഭാഗത്തെ ഒഴിവാക്കിയ ശേഷം സമസ്ത പുനഃസംഘടിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ക്കെല്ലാം ഉള്ള ഉത്തരം അതിലുണ്ടായിരുന്നു.

എസ് വൈ എസ്. ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തില്‍ തങ്ങള്‍ നടത്തിയ പ്രസംഗം കേരളം മറന്നിട്ടുണ്ടാവില്ല. കേരളത്തിലെ സുന്നികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് മേല്‍ സാമുദായിക രാഷ്ട്രീയം കൈവെച്ച സന്ദര്‍ഭത്തിലായിരുന്നു ആ പ്രഭാഷണം. കോഴിക്കോട് കടപ്പുറത്തെ ലക്ഷക്കണക്കിന് സുന്നി പ്രവര്‍ത്തകരെ സാക്ഷി നിരത്തി ഉള്ളാള്‍ തങ്ങള്‍ സുന്നികളുടെ രാഷ്ട്രീയ നയം വ്യക്തമാക്കിയപ്പോള്‍ ജനസാഗരം തക്ബീര്‍ ചൊല്ലി അതിനെ നെഞ്ചില്‍ ഏറ്റി. അതുകണ്ട് മറുപുറത്തിരുന്നു അറബിക്കടലിലെ തിരമാലകള്‍ രോമാഞ്ചം കൊണ്ട് ഉയര്‍ന്നു പൊങ്ങി. സാമുദായിക രാഷ്ട്രീയത്തിന്റെ അഹങ്കാരത്തിന്റെ തിടമ്പ് പൊട്ടിച്ചിതറിയതിനു അധികം വൈകാതെ തന്നെ കേരളം സാക്ഷ്യം വഹിച്ചു. അതായിരുന്നു ഉള്ളാള്‍ തങ്ങള്‍. ആ വാക്കുകളിലെ മാസ്മരികതക്ക് മുന്നില്‍ തോറ്റുപോകാത്തവരില്ല, വെല്ലുവിളികള്‍ക്ക് മുന്നില്‍ തല കുനിക്കാത്തവരില്ല, ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാത്തവരുമില്ല.

കേരള മുസ്‌ലിംകളുടെ ചരിത്ര വര്‍ത്തമാനങ്ങളോട് സംവദിച്ച ആ മാസ്മരിക ശബ്ദം അതിന്റെ നാഥനിലേക്കു യാത്രയായിരിക്കുകയാണ്. ഈ സമുദായത്തിന് അഭിമാന ബോധം നല്‍കിയ ശബ്ദമാണ് നിലച്ചിരിക്കുന്നത്. ആ വാക്കുകള്‍ മാര്‍ഗം തെളിച്ച വഴിയേ അടിപതറാതെ മുന്നേറാനുള്ള കരുത്തും ഊര്‍ജവും ആത്മവിശ്വാസവും ബാക്കിയാക്കിയാണ് തങ്ങള്‍ തന്റെ രക്ഷിതാവിങ്കലേക്കുള്ള അവസാന യാത്ര തുടങ്ങിയിരിക്കുന്നത്. ഉള്ളാള്‍ തങ്ങളുടെ അനുയായികളായിരുന്നു എന്നതിനേക്കാള്‍ ഈ കാലഘട്ടത്തില്‍ നമുക്ക് മറ്റെന്തു ഭാഗ്യമാണ് വേണ്ടത്?

Latest